|

അടുത്ത ഷോക്ക് ഉടന്‍; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബി.ജെ.പി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രതിപക്ഷ നിരയിലെ വലിയ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രതിഫലനം കോണ്‍ഗ്രസിലും ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിയമസഭയില്‍ കോണ്‍ഗ്രസിനുള്ള ആകെ 45 സീറ്റില്‍ 30 പേരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നതായി ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. എന്‍.സി.പിയുടെ പിളര്‍പ്പോടെ 45 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയിരുന്നു.

ഇതോടെ അടുത്ത പ്രധാന ടാര്‍ഗെറ്റായി അവര്‍ മാറിയിട്ടുണ്ട്. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്‌സ് തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ കോണ്‍ഗ്രസ് എം.എല്‍.എമാരെ അവര്‍ വേട്ടയാടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ ഉയരുന്ന പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്ര നിയമസഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന എന്‍.സി.പിക്ക് ആകെയുണ്ടായിരുന്നത് 53 സീറ്റുകളാണ്. 30 പേര്‍ ബി.ജെ.പി പക്ഷത്തേക്ക് പോയതോടെ ഇനി 23 എം.എല്‍.എമാര്‍ മാത്രമാണ് ശരദ് പവാറിനൊപ്പമുള്ളത്.

എന്‍.സി.പിയുടെ 30 എം.എല്‍.എമാര്‍ക്ക് പുറമെ അവരുടെ മൂന്ന് എം.പിമാരും ബി.ജെ.പി-ശിവസേന സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് അഞ്ച് സീറ്റുകള്‍ കിട്ടിയെങ്കില്‍ ഇത്തവണ അതുപോലും കിട്ടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അജിത് പവാറുമായുള്ള സഖ്യം മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടിയാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയാണ് ആദ്യം മഹാരാഷ്ട്രയിലെ മന്ത്രിസഭ വികസിപ്പിക്കാമെന്ന് ബി.ജെ.പി നേതൃത്വം തീരുമാനിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം കഴിഞ്ഞ് വന്നതിന് പിന്നാലെ ബി.ജെ.പി അവരുടെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Content Highlights: bjp next targetting maharashtra congress?

Latest Stories