ന്യൂദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എങ്ങനെയും പാര്‍ട്ടി വിജയിപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബി.ജെ.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയുള്ള ആരോപണങ്ങള്‍ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗംഗാ നദിയില്‍ മൃതദേഹമടിഞ്ഞതുള്‍പ്പെടെ കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍.
കൊവിഡ് പ്രതിസന്ധി പാര്‍ട്ടിയുടെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചെന്ന് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യോഗം ദല്‍ഹിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം കൊടുത്തതലില്‍ ജനങ്ങള്‍ക്ക് ഉള്ളില്‍ നന്ദി തോന്നണമെന്നും അത്തരത്തില്‍ ഉള്ളപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിനുമുമ്പ് പാര്‍ട്ടിക്കേറ്റ പ്രഹരങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച സുപ്രധാന പങ്കുവഹിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.