Advertisement
national news
സര്‍ക്കാരിനോടു വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; മധ്യപ്രദേശില്‍ കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും ശിവ്‌രാജ് സിങ് ചൗഹാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 22, 02:05 pm
Wednesday, 22nd May 2019, 7:35 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവ്‌രാജ് സിങ് ചൗഹാന്‍. സംസ്ഥാനത്ത് ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

‘ഞങ്ങള്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നല്ല കാര്യങ്ങളാണു ചെയ്യേണ്ടത്. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. അവര്‍ ബി.ജെ.പിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നു. ഞങ്ങള്‍ കുതിരക്കച്ചവടം നടത്തിയിട്ടില്ല. നടത്തുകയുമില്ല. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീതയുണ്ട്.’- അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കു നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും പണവും സ്ഥാനമാനങ്ങളുമടക്കമുള്ള വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തന്നോട് 10 എം.എല്‍.എമാര്‍ പറഞ്ഞതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നു കമല്‍ നാഥ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കമല്‍ നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്കു കത്തയച്ചിരുന്നു. കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ഗോപാല്‍ അവകാശപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. താന്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പക്ഷേ ഇതാണ് ആ സമയമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്ന തരത്തില്‍ വ്യാപകമായി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബി.ജെ.പി നീക്കം. കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണ കമല്‍ നാഥ് സര്‍ക്കാരിനുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം പ്രതിപക്ഷകക്ഷിയായ ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം. 2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്.