ന്യൂദല്‍ഹി: രാജ്യത്ത് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 രൂപ ഇട്ടുതരുമെന്ന് ബി.ജെ.പി എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
കള്ളപ്പണത്തിനെതിരെ എസ്.ഐ.ടി രൂപീകരിച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വാഗ്ദാനം ചെയ്ത പോലെ കള്ളപ്പണം തിരിച്ചുകൊണ്ടു വരുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്നത്. ഇന്നാല്‍ ഇത്തവണത്തെ പ്രകടന പത്രികയില്‍ സമാന്തര സമ്പദ്‌വ്യവസ്ഥ തകര്‍ത്തെന്ന പരാമര്‍ശമല്ലാതെ കള്ളപ്പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് അവകാശവാദങ്ങളൊന്നുമില്ല.
15 ലക്ഷം അക്കൗണ്ടുകളിലേക്ക് തരുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്ന് അമിത് ഷായും അവകാശപ്പെട്ടിരുന്നു.