കണ്ണൂര്‍: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്നാലെ വ്യാജ പ്രചരണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി.
തലമറക്കു(ഹിജാബ്)ന്നതിന് ആരും എതിരല്ലെന്നും ബുര്‍ഖ(മുഖവും മൂടുന്ന വസ്ത്രം)ക്കാണ് കര്‍ണാടകയിലെ നിരോധനമെന്നാണ് അദ്ദേഹം പറയുന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചുള്ള രണ്ട് ഫോട്ടോ പങ്കുവെച്ച് അദ്ദേഹം താരതമ്യം ചെയ്യുന്നുമുണ്ട്.
എന്നാല്‍ പോസ്റ്റിന് പിന്നാലെ ആളുകള്‍ അതിലെ വസ്തുതാവരുദ്ധത ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ കര്‍ണാടകയിലെ കോളേജ് അധികൃതര്‍ തടയുന്ന പത്രവാര്‍ത്തകള്‍ പങ്കുവെച്ചാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്റെ പച്ചക്കള്ളം ആളുകള്‍ പൊളിച്ചടുക്കിയത്.
‘വിവാദങ്ങള്‍ അനാവശ്യം. മുസ്‌ലിം സമുദായം സ്വയം വിമര്‍ശനം നടത്താന്‍ സമയമായി. നാം ഈ നാടിന്റെ പൈതൃകത്തോട് ചേര്‍ന്ന് തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കണം. നമ്മുടെ ഉമ്മ ഉമ്മുമ്മമാരുടെ
വേഷം ഓര്‍ക്കുക.
അത് ഈ നാടിന്റെ കള്‍ച്ചറും നേച്ചറും ചേര്‍ന്ന വിധം ആയിരുന്നു. തലമറക്കുന്നതിന് ഒരു സ്‌കൂളും
എതിരല്ല. മറിച്ച് താലിബാന്‍ മാതൃകയില്‍ ശരീരമാസകലം മറക്കുന്നതിന് ഏതിരാണ് സ്‌കൂളുകള്‍. നമ്മുടെ പൊതുബോധം.
മുസ്‌ലിം സമുദായം ഇന്ന് നയിക്കപ്പെടുന്നത് തീവ്രവാദികളുടെ കയ്യിലാണ്.
അതിനെതിരെ സമുദായത്തിലെ പുരോഗമനവാദികള്‍ രംഗത്തുവരണം,’ എന്നാണ് കര്‍ണാടകയിലെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.
അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS: BJP National Vice President Abdullakutty launches fake campaign after Karnataka students protest for right to wear hijab