കണ്ണൂര്‍: ആര്‍.എസ്.എസ് വേദിയിലെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന് പിന്തുണയുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. സംഭവത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ കെ.എന്‍.എ ഖാദര്‍ അനാഥനാകില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ളയാളാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേസരി എന്ന മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് എന്നാണ് ബി.ജെ.പി നേതാവ് എം.ടി. രമേശിന്റെ വിഷയത്തിലുള്ള പ്രതികരണം. ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്നും എം.ടി. രമേശ് പറഞ്ഞു.
‘കെ.എന്‍.എ. ഖാദര്‍ പങ്കെടുത്തത് കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ ആണ്. അദ്ദേഹം എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതിലാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നതാണ് അര്‍ത്ഥം. ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ല,’ എം.ടി. രമേശ് പറഞ്ഞു.
കെ.എന്‍.എ. ഖാദറിനെ പിന്തുണച്ച് ആര്‍.എസ്.എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. മധുവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ഓഫീസിലേക്ക് കെ.എന്‍.എ. ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്നേഹിയായ വ്യക്തി എന്ന നിലയിലാണെന്നായിരുന്നു എന്‍.ആര്‍. മധുവിന്റെ പ്രതികരണം.
അതേസമയം, കെ.എന്‍.എ. ഖാദറിന് പരോക്ഷ മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ ഉടന്‍ വിരുന്നിന് പോകേണ്ട ആവശ്യം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കില്ല എന്നായിരുന്നു തങ്ങള്‍ പറഞ്ഞത്.
വയനാട്ടില്‍ വെച്ച് നടന്ന ജില്ലാ സംഗമത്തിലായിരുന്നു സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
CONTENT HIGHLIGHTS: A.P. Abdullakutty support Controversial Muslim League leader KNA Khader t of the RSS stage