രാഹുല്‍ ഗാന്ധി പക്വതയും കോമണ്‍സെന്‍സും ഇല്ലാത്ത നേതാവ്: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പക്വതയും കോമണ്‍സെന്‍സും ഇല്ലാത്ത നേതാവാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന കോടതി വിധിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
മോദി പേരുള്ളവരെല്ലാം കള്ളന്മാരെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒരു സമുദായത്തിന്റെ മാനം കെടുത്തിയെന്നും നിരന്തരം
രാഹുല്‍ അപക്വമായി സംസാരിച്ചു കൊണ്ടിരിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘രാഹുല്‍ ജയിലേക്ക്… ഒരു സമുദായത്തെ മാനം കെടുത്തിയതിന്.
മോദി പേരുള്ളവരല്ലാം കള്ളന്‍ മാരെന്ന് പറഞ്ഞതിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും 15000 രൂപ പിഴയും സൂറത്തിലെ കോടതി വിധിച്ചിരിക്കുന്നു. രാഹുല്‍ അപക്വമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു.
‘ചൗക്കിദാര്‍ ചോര്‍ഹെ’ എന്ന് പറഞ്ഞതിന് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞാണ് മുമ്പ് രക്ഷപ്പെട്ടത്.
ജോഡോയാത്രയില്‍ കണ്ട് മുട്ടിയ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായ കഥ പറഞ്ഞത്രേ! ഇപ്പോള്‍ അത് പോലീസ് കേസായി.. രാഹുല്‍ മൊഴികൊടുക്കാതെ മുങ്ങി നടക്കുകയാണ്.
ഭാരത് ജോഡോ യാത്ര കഴിഞ്ഞയുടന്‍ ഇദ്ദേഹം പറഞ്ഞത് പഴയ രാഹുല്‍ മരിച്ചു. ഇത് പുതിയ രാഹുല്‍ ആണ് എന്നാണ്. പക്ഷെ ഇംഗ്ലണ്ടില്‍ ചെന്ന് ഇന്ത്യയെ അപമാനിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ്. ഇതെല്ലാം കാണിക്കുന്നത് പക്വതയില്ലാത്ത, കോമണ്‍ സെന്‍സ് പോലും ഇല്ലാത്ത നേതാവാണ് രാഹുല്‍ എന്നാണ്. താടി വളര്‍ത്തിയത് കൊണ്ട് ബുദ്ധിജീവിയാവില്ല. ഇദ്ദേഹത്തേയാണ് മോദിവിരുദ്ധര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കണുന്നത് എന്ന് കേള്‍ക്കുമ്പോഴാണ് ചിരിവരുന്നത്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം, കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.