| Thursday, 13th June 2019, 11:39 am

'പാ രഞ്ജിത്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് മനുഷ്യരെ മതം മാറ്റുന്ന പദ്ധതിയുടെ സഹായിയാണ്'; വര്‍ഗീയ ആരോപണമുന്നയിച്ച് ബിജെപി നേതാവ് എച്ച് രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ രംഗതെത്തി ബി.ജെ.പി നേതാവ ്എച്ച് രാജ.
രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് രാജയുടെ വര്‍ഗീയ ആരോപണം.

രഞ്ജിത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശിക്കുകയും പാ രഞ്ജിത്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് മനുഷ്യരെ മതം മാറ്റുന്ന പദ്ധതിയുടെ സഹായിയാണ് എന്ന് ആരോപിക്കുകയുമാണ്രാജ ചെയ്തത്. ട്വിറ്ററിലൂടെയാണ് രാജയുടെ ആരോപണം.

പാ രഞ്ജിത്തും ഭാര്യയും ഒരുമിച്ചുള്ള ചിത്രം കൂടി ഉപയോഗിച്ചാണ് രാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ പാ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ചിന് മുമ്പാകെയാണ് രഞ്ജിത്തിന്റെ അപേക്ഷ സമര്‍പ്പിച്ചത്.

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് രാജ രാജ ചോളന്‍ ഒന്നാമന്റെ ഭരണകാലത്തെ വിമര്‍ശിച്ചത്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം രൂപപ്പെട്ടത്. ഇവര്‍ രഞ്ജിത്തിനെതിരേ വധഭീഷണി ഉയര്‍ത്തുകയും രഞ്ജിത്തിനെ തെരുവില്‍ നേരിടുമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more