| Tuesday, 15th August 2023, 8:42 pm

'ഷംസീര്‍ ഭഗവാന്‍ ഗണേഷ് ജിയെ അപമാനിച്ചു'; ചര്‍ച്ചയായി അനില്‍ ആന്റണിയുടെ ജി പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: നവ മാധ്യമങ്ങളില്‍ ചര്‍ച്ചയായി ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയുടെ ‘ഭഗവാന്‍ ഗണേഷ് ജി’ പരാമര്‍ശം. ശാസ്ത്ര ചിന്ത വളര്‍ത്തണമെന്നുള്ള സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മിത്ത് വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അനില്‍ ആന്റണി വിവാദ പരാമര്‍ശം നടത്തിയത്.

‘ലോകത്തെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ ഷംസീര്‍ അവഹേളിച്ചു,’ എന്നാണ് അനില്‍ ആന്റണി പറഞ്ഞത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയതിന് മുന്നോടിയായി മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹം ഇങ്ങനെ സംസാരിച്ചത്.

എല്ലാവരേയും ‘ജി’ കൂട്ടി വിളിക്കണം എന്ന്  ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അനില്‍ ആന്റണി വിചാരിച്ചുകാണും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ്. പരാമര്‍ശത്തിലൂടെ ഗണപതിയെ അനില്‍ ആന്റണി അവഹേളിച്ചെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്.

അതേസമയം, ഇതാദ്യമായല്ല അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് ബി.ജെ.പി കേരളത്തില്‍ നടത്തിയ യുവം പരിപാടിയില്‍ സംസാരിക്കവെയുള്ള അനിലിന്റെ പരാമര്‍ശവും ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. 125 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞിരുന്നത്.

‘ഭഗവാന്‍ ഗണേഷ് ജി’ പരാമര്‍ശത്തിലെ അനില്‍ ആന്റണിയുടെ വാക്കുകള്‍

ബി.ജെ.പി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ഷംസീര്‍ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ അവഹേളിച്ചു. ഇതിനെക്കുറിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോള്‍, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാന്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബി.ജെ.പിക്കില്ല. അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാന്‍ അനുവദിക്കില്ല.

Content Highlight: BJP National Secretary Anil Antony’s ‘Bhagwan Ganesh Ji’ remark is being discussed in the new media

We use cookies to give you the best possible experience. Learn more