നൂറ്റാണ്ടുകളുടെ ദുരിതത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം ദൈവം സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ്: ബി.ജെ.പി
national news
നൂറ്റാണ്ടുകളുടെ ദുരിതത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം ദൈവം സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ്: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 8:22 am

ന്യൂദല്‍ഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദല്‍ഹിയില്‍ വീക്ഷിത് ഭാരത് എന്ന പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുത്തുകൊണ്ടാണ് നദ്ദ ഇക്കാര്യം പറഞ്ഞത്. നൂറ്റാണ്ടുകളുടെ പരീക്ഷണത്തിനും ദുരിതത്തിനും ശേഷം ഭഗവാന്‍ ശ്രീരാമന്‍ തന്റെ വീട്ടിലേക്ക് മടങ്ങുകയാണ് എന്നും അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു.

‘ഇന്ത്യക്കാര്‍ ഏറെ നാളായി കാണാന്‍ കാത്തിരുന്ന നിമിഷത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി 22ന്, നൂറ്റാണ്ടുകള്‍ നീണ്ട സഹനത്തിനും ദുരിതത്തിനും ശേഷം ഭഗവാന്‍ ശ്രീരാമന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ്. സത്യം ജയിച്ചിരിക്കുന്നു. ഇന്ത്യയൊന്നാകെ സന്തോഷം കൊണ്ടും ആധ്യാത്മികത കൊണ്ടും നിറഞ്ഞിരിക്കുകയാണ്,’ നദ്ദ പറഞ്ഞു.

 

‘ലോകത്തെവിടെയാണെങ്കിലും ഈ ആഘോഷത്തില്‍ നിങ്ങള്‍ ഓരോരുത്തരും പങ്കെടുക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്,’ നദ്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ച വരെ അവധിയായിരിക്കുമെന്ന നിര്‍ദേശത്തിനെതിരെ വിമര്‍ശനമുയരുകയാണ്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അടക്കം ഉത്തരവിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ ഭരണഘടനക്കും രാജ്യത്ത് മതപരമായ വിവേചനങ്ങള്‍ സൃഷ്ടിക്കരുതെന്ന സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടി. തീര്‍ത്തും മതപരമായ ഒരു ചടങ്ങിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നേരിട്ട് പങ്കെടുപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും പൊളിറ്റ്ബ്യൂറോ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ മതവിശ്വാസവും മൂല്യങ്ങളും സംബന്ധിച്ച് വ്യക്തിപരമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

അയോധ്യ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരുന്നത്.

 

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിന് സമാനമായ നടപടികള്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യസ്ഥാപനങ്ങള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പറഞ്ഞു.

 

Content highlight: BJP national precedent JP Nadda about Ayodhya Ram Mandir