| Monday, 26th December 2022, 10:04 pm

കശ്മീരിനെ 1990കളിലെത്തിക്കാന്‍ അബ്ദുള്ളമാരെയും മുഫ്തിമാരെയും ഗാന്ധിമാരെയും അനുവദിക്കില്ല: ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിനെ ഭീകരതയുടെ തലസ്ഥാനം (terrorism capital) എന്ന നിലയില്‍ നിന്നും ടൂറിസത്തിന്റെ തലസ്ഥാനമാക്കി (tourism capital) മാറ്റിയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് (Tarun Chug).

കശ്മീരിനെ 1990കളിലേക്ക് തിരികെ കൊണ്ടുപോകാന്‍ അബ്ദുള്ളമാരെയും മുഫ്തിമാരെയും ഗാന്ധിമാരെയും ബി.ജെ.പി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് കൊണ്ടായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

”ഭീകരതയില്‍ നിന്ന് ജമ്മു കശ്മീരിനെ ബി.ജെ.പി ടൂറിസ്റ്റ് തലസ്ഥാനമാക്കി മാറ്റി. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഈ വര്‍ഷം കശ്മീരിലെത്തിയത്.

ജമ്മു കശ്മീരില്‍ എല്ലാ മേഖലകളിലും വികസനം നടന്നുകൊണ്ടിരിക്കുകയാണ്,” ശ്രീനഗറില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ തരുണ്‍ ചുഗ് പറഞ്ഞു.

ജമ്മു കശ്മീരില്‍ സമാധാനവും സമൃദ്ധിയും വികസനവും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

”തങ്ങളുടെ ഭരണകാലത്ത് കശ്മീരിലെ സാധാരണക്കാരുടെ ജീവിതം നശിപ്പിച്ച മൂന്ന് കുടുംബങ്ങള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഇവിടെ അനിശ്ചിതത്വം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഈ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ജമ്മു കശ്മീരിനെ കൊള്ളയുടെ വ്യവസായമാക്കി മാറ്റുകയും വികസനത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി അവര്‍ കശ്മീരിന്റെ എല്ലാ വിഭവങ്ങളും കൊള്ളയടിക്കുകയാണ്. പേനകള്‍ക്കും പുസ്തകങ്ങള്‍ക്കും ലാപ്ടോപ്പുകള്‍ക്കും പകരം എ.കെ 47, കല്ലുകള്‍, ഗ്രനേഡുകള്‍ എന്നിവയാണ് അവര്‍ യുവാക്കളുടെ കൈകളില്‍ വെച്ചുകൊടുത്തത്,” ബി.ജെ.പി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരില്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് വേണ്ട തയാറെടുപ്പുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlight: BJP national general secretary Tarun Chug says bjp turned Kashmir into tourism capital from terrorism capital

We use cookies to give you the best possible experience. Learn more