ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര ടൂറിസം മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗിയ.
വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുന്‍ഗണ നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.
അഗ്നിപഥ് പദ്ധതി രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കരസേനയെ റിക്രൂട്ട് ചെയ്യുന്നതെന്നും കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചു.
അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഇന്‍ഡോറില്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
നാലുവര്‍ഷം കഴിഞ്ഞ് അഗ്നിവീര്‍ സൈനികര്‍ പുറത്ത് വരുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപ ലഭിക്കും. ബി.ജെ.പി ഓഫീസിലേക്ക് കാവല്‍ക്കാരെ നിയമിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം പരിഗണന നല്‍കുക അവര്‍ക്കായിരിക്കും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും കൈലാഷ് വിജയവര്‍ഗിയ കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കൈലാഷ് വിജയവര്‍ഗിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
യുവാക്കള്‍ ഊണും ഉറക്കവുമില്ലാതെ ശാരീരിക പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് ബി.ജെ.പി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ലെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
രാജ്യത്തിന്റെ യുവത്വത്തെ അപമാനിക്കരുതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. കോണ്‍ഗ്രസും കൈലാഷ് വിജയവര്‍ഗിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ മനോനിലയാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഈ മനോനിലയ്‌ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ സത്യാഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: BJP National General Secretary Kailash VijayaVargiya has hit out at the controversy over protests against the Agneepath project