രാജ്യം വികസനത്തിന്റെ പാതയില്‍; അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്രമോദി
national news
രാജ്യം വികസനത്തിന്റെ പാതയില്‍; അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 2:29 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങള്‍ക്കെതിരെ അത്തരമൊരു ആരോപണം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല എന്നതില്‍ നമ്മള്‍ അഭിമാനിക്കണമെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവേ മോദി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയും കുംഭകോണവും നടത്തി രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയി. 2004 മുതല്‍ 2014 വരെയുള്ള സുപ്രധാനമായ 10 വര്‍ഷമാണ് അവര്‍ നഷ്ടപ്പെടുത്തി കളഞ്ഞത്. 21 ാം നൂറ്റാണ്ടിന്റെ തുടക്കം അത്രയ്ക്ക് പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവര്‍ അത് ഇല്ലാതാക്കി.


കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിനാലാണ് എസ്.പി പരാജയപ്പെട്ടത്; രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി


ബി.ജെപി ഇന്ന് ഉയരങ്ങൡ എത്തി. അഴിമതി നടത്താതെ ഭരിക്കാമെന്ന് ബി.ജെ.പി കാണിച്ചു. സാമ്പത്തിക സംവരണം സമത്വം ഉറപ്പിക്കാണെന്നും മുന്നാക്ക സംവരണം പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.

ദാരിദ്ര്യത്തെതുടര്‍ന്ന് അവസരം ഇകിട്ടാത്തവര്‍ക്ക് വേണ്ടിയാണ് സംവരണം. മുന്നാക്ക സംവരണത്തിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കകയാണെന്നും മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് കര്‍ഷകരെ വോട്ടര്‍മാരായി മാത്രം കണ്ടു. ബി.ജെ.പി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികളെ മറ്റ് പാര്‍ട്ടിക്കാര്‍ പരിഹസിച്ചു.

എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്നോട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മോദി അവകാശപ്പെട്ടു.