ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും. 2017-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയ രാധന്‍പുരില്‍ നിന്നു തന്നെയാണ് ഇത്തവണയും മത്സരിക്കുക. ബി.ജെ.പി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍തന്നെ മത്സരിക്കുമെന്ന് അല്‍പേഷ് വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ വലിയ താത്പര്യമുണ്ടെന്നും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.
ഈ വര്‍ഷം ജൂലൈയിലാണ് അല്‍പേഷും മറ്റൊരു കോണ്‍ഗ്രസ് വിമതനായ ധവല്‍സിങ് സലയും എം.എല്‍.എ സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധി തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അല്‍പേഷിന്റെ ആരോപണം.
സലയും ഇത്തവണ ബി.ജെ.പി ടിക്കറ്റില്‍ ബയാദില്‍ നിന്നു മത്സരിക്കും.
ഗുജറാത്തിലെ പ്രമുഖ ഒ.ബി.സി നേതാവായ താക്കൂര്‍ 2015-ല്‍ നടത്തിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തോടെയാണ് ജനപ്രീതിയാര്‍ജിക്കുന്നത്. അദ്ദേഹത്തിന്റെ വരവോടെയാണ് 2017-ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തു മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരായി വോട്ട് ചെയ്തതിനു ശേഷമാണ് അല്‍പേഷ് കോണ്‍ഗ്രസ് വിടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ അല്‍പേഷ് കോണ്‍ഗ്രസിലെ എല്ലാ സ്ഥാനമാനങ്ങളും രാജിവെച്ചിരുന്നു. തന്റെ സമുദായം അവഗണിക്കപ്പെടുന്നുണ്ടെന്നാരോപിച്ചായിരുന്നു ഈ രാജി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയില്‍ ചേരില്ലെന്നു രാജിവെച്ചശേഷം പലവട്ടം പറഞ്ഞെങ്കിലും അല്‍പേഷ് ഒടുവില്‍ അവരുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ 21-നാണ് ഗുജറാത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.