'നിങ്ങളൊരു മൂന്നാംകിട പെണ്ണാണ്' വനിതാ എം.പിക്കെതിരെ ബി.ജെ.പി നേതാവിന്റെ അസഭ്യവര്‍ഷം
അന്ന കീർത്തി ജോർജ്

 

കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ വെച്ച് തമിഴ്നാട്ടിലെ വനിത എം.പിക്കെതിരെ ബി.ജെ.പി എം.എല്‍.എ നടത്തിയ അസഭ്യം പറച്ചില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിങ്ങള്‍ ഒരു എം.പിയാണോ അതോ വിലകെട്ട ഒരു പെണ്ണോ എന്നായിരുന്നു ബി.ജെ.പി നേതാവായ കരു നാഗരാജന്‍ കോണ്‍ഗ്രസ് എം.പി ജോതിമണിയോട് ചോദിച്ചത്. തുടര്‍ന്ന് ജോതിമണി എത്തരക്കാരിയാണെന്ന് എനിക്കറിയാമെന്ന തുടങ്ങി അവര്‍ക്കെതിരെ തികച്ചും അപമര്യാദയായ രീതിയിലുള്ള പദപ്രയോഗങ്ങളായിരുന്നു ബി.ജെ.പി നേതാവ് നടത്തിയത്.

ലോക്ക്ഡൗണില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ന്യൂസ് 7 ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ വെച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ അസഭ്യവര്‍ഷം. കേന്ദ്ര സര്‍ക്കാരിനെയോ സംസ്ഥാന സര്‍ക്കരിനെയോ കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, എങ്കിലും എന്തുകൊണ്ടാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ജന്മനാട്ടിലേക്ക് കാല്‍നടയായി നടന്നുപോകേണ്ടി വരുന്നത് ? എന്നായിരുന്നു കരു നാഗരാജനോട് അവതാരകന്റെ ചോദ്യം. പക്ഷെ ഈ ചോദ്യത്തിന് മറുപടി നല്‍കാതെ കോണ്‍ഗ്രസ് എം.പിക്കെതിരെ രോഷാകുലനാകുകയായിരുന്നു കരു നാഗരാജ്.

നിങ്ങള്‍ ഒരു എം.പിയാണോ അതോ വെറും വിലകെട്ട ഒരു സത്രീയോ, ജോതിമണി എത്തരക്കാരിയാണെന്നും അവളുടെ നിലയും വിലയും എ്ല്ലാം എന്താണെന്നും എനിക്കറിയാം, നിന്നെ പോലൊരു പെണ്ണിന് ഇവിടെ വരാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത്, ജോതിമണി വെറും ഒരു മൂന്നാംകിട സ്ത്രീയാണ്, നീചജന്മമാണ് എന്നിങ്ങനെയായിരുന്നു കരു നാഗരാജന്റെ വാക്കുകള്‍. അവതാരകന്‍ കരു നാഗരജനോട് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സംസാരിക്കുന്നത് നിറുത്താന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ജോതിമണി എം.പി ചര്‍ച്ചയില്‍ നിന്നും എണീറ്റു പോകുകയായിരുന്നു.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ജോതിമണി ട്വിറ്ററില്‍ പ്രതികരിച്ചു. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് എന്നും ബി.ജെ.പിയുടെ രീതിയാണ്. അതിന് കീഴടങ്ങാന്‍ തയ്യാറല്ല . അതിഥി തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതിരുന്ന ബി.ജെ.പി തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ജോതിമണി വ്യക്തമാക്കി. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമെല്ലാം നിശബ്ദരാക്കാന്‍ പ്രധാനമന്ത്രി മുതല്‍ ബി.ജെ.പിയുടെ വക്താക്കള്‍ വരെ എന്നും ഇതേ നടപടി തന്നെയാണ് സ്വീകരിക്കാറുള്ളതെന്നും ജോതിമണി പറഞ്ഞു.

ബി.ജെ.പി വക്താക്കള്‍ സ്ത്രീകളെ ബഹുമാനിക്കാനും മാന്യമായി പെരുമാറാനും പഠിക്കാന്‍ തയ്യാറാകുന്നതുവരെ അവര്‍ക്കൊപ്പം ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുക്കില്ലെന്നും ജോതിമണി ട്വിറ്റര്‍ വഴി അറിയിച്ചു.

നിരവധി പേരാണ് ജോതിമണിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. I Stand with Jothimani എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കരു നാഗരാജന്റെ പ്രവര്‍ത്തി അപലപനീയമാണെന്നും സ്ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ പൊതുരംഗത്ത് വരാന്‍ പോലും യോഗ്യരല്ല എന്നുമാണ് പല ട്വിറ്റര്‍ കമന്റുകളും.

കരു നാഗരാജ് പറഞ്ഞ തേഡ് റേറ്റ് വാക്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നീചജന്മം എന്ന അര്‍ത്ഥത്തിലാണ് തേഡ് റേറ്റ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ജാതീയമായ അധിക്ഷേപമാണെന്നുമാണ് വിഷയത്തിലെ പ്രതികരണങ്ങള്‍.

സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പില്‍ നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ, മുന്‍പും ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഒരാളെ എന്തിനാണ് ചാനല്‍ ചര്‍ച്ചയിലേക്ക് പോലും വിളിക്കുന്നതെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ ചോദിക്കുന്നത്.

ചര്‍ച്ചയിലേക്ക് അതിഥിയായി എത്തിയ ഒരാള്‍ ഇത്തരത്തില്‍ ഒട്ടും മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചിട്ടും അയാളെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കാന്‍ എന്തുകൊണ്ട് അവതാരകന്‍ തയ്യാറായില്ല എ്ന്നും ചോദ്യങ്ങളുയരുന്നുണ്ട്. ജോതിമണി ചര്‍ച്ചയില്‍ നിന്നിറങ്ങി പോയശേഷവും ചര്‍ച്ച തുടര്‍ന്നതിനെതിരെയും വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.