ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്തരാണെന്നും ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി വെല്ലവിളി നേരിടുമെന്നും പാര്‍ട്ടി എം.പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ.
പാര്‍ട്ടിയിലെ വണ്‍മാന്‍ ഷോയും “ടൂ മാന്‍ ആര്‍മി” ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനമുന്നയിച്ച് കൊണ്ട് ഷാ പറഞ്ഞു.
നോട്ടുനിരോധനത്തിന്റെ വീഴ്ചകളെ പാര്‍ട്ടി ആത്മാര്‍ത്ഥമായി പരിശോധിക്കണമെന്നും നടപടിക്ക് ശേഷം നിരവധി പേര്‍ക്ക് ജോലി പോയ കാര്യം ബി.ജെ.പി നിഷേധിക്കരുതെന്നും സിന്‍ഹ പറഞ്ഞു. തീരുമാനം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നും ജി.എസ്.ടി പോലെയുള്ള സങ്കീര്‍ണ്ണമായ നികുതി സംവിധാനം കൊണ്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സിന് മാത്രമേ ലാഭമുണ്ടായിട്ടുള്ളൂവെന്നും സിന്‍ഹ പറഞ്ഞു. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ നമ്മള്‍ക്ക് ഇന്ധന വില കൂടുകയാണെന്നും സിന്‍ഹ പറഞ്ഞു.
Read more: ‘ഭായിയോം ബഹനോം അച്ഛാദിന്‍ ആഗയാ..’; 16 മാസത്തിനിടെ പാചകവാതകത്തിന് വിലകൂട്ടിയത് 19 തവണ
ബി.ജെ.പി വിടുമെന്ന് വാര്‍ത്തകളെ സിന്‍ഹ തള്ളിക്കളഞ്ഞു.ബി.ജെ.പിയില്‍ ചേര്‍ന്നത് പാര്‍ട്ടി വിടാനല്ലെന്നും പക്ഷെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ലഘുവായി പറയില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്നും ഒരു കുടുംബം പോലെ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തത് എന്താണെന്നും സിന്‍ഹ ചോദിച്ചു.