|

'മണിപ്പൂരില്‍ ജനാധിപത്യത്തെ കൊലയ്ക്കു കൊടുത്ത ബി.ജെ.പി'; അന്വേഷണ ഏജന്‍സികളെപ്പോലും ഉപയോഗിച്ച് കുടില തന്ത്രങ്ങളെന്ന് അജയ് മാക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അധികാരത്തില്‍ തുടരുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ വെച്ച് മണിപ്പൂരില്‍ ബി.ജെ.പി ജനാധിപത്യത്തെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്. എല്ലാ ചട്ടങ്ങളും ലംഘിക്കുകയാണ്. അന്വേഷണ ഏജന്‍സികളെയടക്കം ഉപയോഗിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനീതിപരമായ തന്ത്രങ്ങള്‍ നീക്കുകയാണെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വക്താവ് അജയ് മാക്കന്‍ ആരോപിച്ചു.

’11ാം മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ കുടില തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി’, അജയ് മാക്കന്‍ പറഞ്ഞു.

എല്ലാ ചട്ടങ്ങളും ബി.ജെ.പി കാറ്റില്‍ പറത്തി. അസന്മാര്‍ഗികമായ എല്ലാ തന്ത്രങ്ങളും പയറ്റി. മണിപ്പൂരില്‍ അധികാരം പിടിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സിയെപ്പോലും ദുരുപയോഗിച്ചു. എല്ലാ ഈ നീക്കങ്ങളിലൂടെയും അവര്‍ ജനാധിപത്യത്തെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അജയ് മാക്കന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളോടെ ഏറ്റവുമധികം ഭൂരിപക്ഷം നേടിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. ബി.ജെ.പിക്ക് 21ഉം എന്‍.പി.പിക്കും എന്‍.പി.എഫിനും നാല് വീതവും എല്‍.ജെ.എസ്.പിക്കും എ.ഐ.ടി.സിക്കും ഒന്നുവീതവും സീറ്റുകളാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും ജയിച്ചു. പക്ഷേ, ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പകരം, ക്ഷണം ബി.ജെ.പിയിലേക്കാണ് നീട്ടിയത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി കക്ഷികളുമായി സഖ്യമുണ്ടാക്കിയതെന്നും അജയ് മാക്കന്‍ പറഞ്ഞു.

മണിപ്പൂരില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ കോളിളക്കം പ്രധാന ഭരണകക്ഷിയില്‍ നിന്നുണ്ടായതാണ്. മൂന്ന് ബി.ജെ.പി എം.എല്‍.എമാരും എന്‍.പി.പിയുടെ നാല് മന്ത്രിമാരും രാജിവച്ചതോടെ സ്ഥിതി വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. എം.എല്‍.എമാരോടൊന്നും കൂടിയാലോചിക്കാതെയാണ് ബി.ജെ.പി മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് തീരുമാനങ്ങളെടുക്കുന്നത്. സ്പീക്കര്‍ക്ക് ജനാധിപത്യപരമായി നല്‍കിയ പരാതിയുടെമേല്‍ സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കള്ളക്കളി വെളിച്ചത്തായതാണ്. ഒരു നോട്ടീസുപോലും പുറപ്പെടുവിക്കാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ബി.ജെ.പിയില്‍നിന്നും രാജിവെച്ചവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ