ന്യൂദൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തിന് പിന്നാലെ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. എ.ഐ.സി.സി ആസ്ഥാനത്ത് ഇരുവരും വാർത്താ സമ്മേളനം നടത്തി.
അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം ഇന്ന് നടന്നിരുന്നു. പിന്നാലെ നടന്ന സംഭവവികാസങ്ങളിൽ ബി.ജെ.പി കള്ളം പറയുകയാണെന്നും തങ്ങൾ സമാധാനപരമായ മാർച്ച് ആയിരുന്നു നടത്തിയതെന്നും ഖാർഗെ പറഞ്ഞു. തങ്ങളുടെ പ്രതിഷേധ മാർച്ചിനിടയിലേക്ക് ഇരച്ചെത്തിയ ബി.ജെ.പിയുടെ പുരുഷ എം.പിമാർ മസിൽ പവർ കാണിക്കുകയായിരുന്നെന്നും ഖാർഗെ പറഞ്ഞു.
കൂടാതെ ഡോ. ബി.ആർ അംബേദ്കറിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഖാർഗെ പത്രസമ്മേളനത്തിൽ വിമർശിക്കുകയും ചെയ്തു.
‘ബി.ജെ.പി വ്യാജ ആരോപങ്ങൾ ഉയർത്തുകയാണ്. പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ ഞങ്ങൾ ആവശ്യപ്പെട്ട വിഷയങ്ങളിലെ ചർച്ചകളൊക്കെയും തന്നെ തള്ളപ്പെട്ടു. അദാനി വിഷയത്തിൽ ആദ്യം ഞങ്ങൾ ചർച്ച ആവശ്യപ്പെട്ടു. എന്നാൽ അത് അനുവദിച്ചില്ല. പിന്നീട് ഭരണഘടനാ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ ഡോ. ബി.ആർ അംബേദ്ക്കറെക്കുറിച്ച് അമിത് ഷാ മോശമായി സംസാരിച്ചു.
അതിന് മാപ്പ് പറയാനും അമിത് ഷായോട് രാജി വെക്കാനും ആവശ്യപ്പെട്ടതിന് അവർ ഞങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായത്. സമാധാനപരമായ മാർച്ച് ആയിരുന്നു ഞങ്ങൾ നടത്തിയത്. എന്നാൽ ബി.ജെ.പി എം.പിമാർ ഇരച്ചെത്തുകയും അവരുടെ മസിൽ പവർ കാണിക്കുകയുമായിരുന്നു. വനിതാ എം.പിമാർക്ക് നേരെ പോലും കയ്യേറ്റം ഉണ്ടായി. എനിക്ക് നേരെയും കയ്യേറ്റം ഉണ്ടായി. ഞാൻ താഴെ വീഴുകയും എന്റെ കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനിയെക്കുറിച്ചുള്ള വിഷയം സംസാരിക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്നും രാജ്യം അദാനിക്ക് നൽകിയിരിക്കുകയാണെന്നും ഖാർഗെയോടൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
‘പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഇന്ത്യയെ വ്യവസായിക്ക് വിൽക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: BJP MPs with sticks blocked our path’ alleged Rahul Gandhi