റായ്പൂര്‍: സര്‍ക്കാര്‍ സ്‌കീമുകളിലെ ക്രമക്കേടുകളെക്കുറിച്ചെഴുതിയ പത്രപ്രവര്‍ത്തകന് ബി.ജെ.പി. എം.പിയുടെ മകന്റെ മര്‍ദ്ദനം. ഛത്തീസ്ഗഡില്‍ നിന്നുള്ള ഹിന്ദി ദിനപത്രമായ “ഹരിഭൂമി”യുടെ റിപ്പോര്‍ട്ടറായ രാജേഷ് പ്രസാദ് ഗുപ്തയാണ് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ദേവേന്ദ്ര സിംഗ് മരാവിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സര്‍ഗുജയില്‍ നിന്നുള്ള എം.പിയായ കമല്‍ഭന്‍ സിംഗ് മരാവിയുടെ മകനാണ് ദേവേന്ദ്ര.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ലഖന്‍പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നാല്‍ ജല്‍ യോജന എന്ന പദ്ധതിയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഹരിഭൂമിയില്‍ താനെഴുതിയ റിപ്പോര്‍ട്ട് ദേവേന്ദ്രയെ പ്രകോപിതനാക്കുകയായിരുന്നുവെന്ന് രാജേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജംഗാലാ ഗ്രാമത്തില്‍ പദ്ധതി നടപ്പാക്കിയ രീതി സുതാര്യമല്ലെന്നു സ്ഥാപിക്കുന്ന പത്രറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് രോഷാകുലനായ എം.പിയുടെ മകന്‍ രാജേഷിന്റെ വീട്ടിലെത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചതിന് തന്റെ വയോധികരായ മാതാപിതാക്കളെയും ആക്രമിച്ചെന്നും രാജേഷ് പറയുന്നു.
മര്‍ദ്ദനത്തിനു ശേഷം ദേവേന്ദ്ര സുഹൃത്തിനൊപ്പം കടന്നുകളയുകയായിരുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു. മര്‍ദ്ദനമേറ്റ തന്റെ മാതാവ് സാരമായ പരിക്കുകളോടെ ചികിത്സയിലാണെന്നും രാജേഷ് പരാതിപ്പെടുന്നുണ്ട്.
പത്രപ്രവര്‍ത്തകനെയും കുടുംബത്തെയും ആക്രമിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും അറിഞ്ഞുകൊണ്ട് ഉപദ്രവമേല്‍പ്പിച്ചതിനും ദേവേന്ദേര മരാവിക്കും സുഹൃത്ത് ശിവ്രാത് സിംഗിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
കുറ്റാരോപിതരെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യണമെന്ന് ഹരിഭൂമി ചീഫ് എഡിറ്റര്‍ ഹിമാന്‍ഷു ദ്വിവേദി ആവശ്യപ്പെട്ടു. “ഇത് ഗൗരവമായെടുക്കേണ്ട കാര്യമാണ്. ഒരു പത്രപ്രവര്‍ത്തകനെയും കുടുംബത്തെയുമാണ് വീട്ടില്‍ക്കയറി മര്‍ദ്ദിച്ചിരിക്കുന്നത്. വിഷയത്തില്‍ ഉടന്‍ തന്നെ കര്‍ശനമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി രമണ്‍ സിംഗിനു കത്തെഴുതിയിട്ടുണ്ട്.” ദ്വിവേദി പറഞ്ഞു.