| Friday, 13th December 2019, 11:28 am

'റേപ്പ് കാപിറ്റല്‍' പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ കനത്ത പ്രതിഷേധവുമായി ബി.ജെ.പി എം.പിമാര്‍; ലോക്‌സഭ പ്രക്ഷുബ്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി എം.പിമാര്‍ ലോക്‌സഭയില്‍. ഉന്നാവോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.

‘ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ എം.എല്‍.എ പോലും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായി. എന്നിട്ടും ഇപ്പോഴും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറയുന്നില്ല. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിച്ചു

രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അധാര്‍മികത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിനെക്കുറിച്ചും പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും എല്ലാ ദിവസവും നാം വായിക്കുകയാണ്.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.’- അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more