വോട്ടിനുവേണ്ടി ജാതിയെയും മതത്തെയും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന തരത്തിലാണ് യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചരണം.
ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം കുടിയേറ്റ നിരോധനത്തെ പ്രശംസിച്ച് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ഇന്ത്യയിലും ഇത്തരത്തിലുള്ള വിലക്കു കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
” ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇതേ രീതിയിലുള്ള നടപടി ആവശ്യമാണ്.” ഉത്തര്‍പ്രദേശിലെ ബുലന്ദസറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വോട്ടിനുവേണ്ടി ജാതിയെയും മതത്തെയും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന തരത്തിലാണ് യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചരണം.
ഖൈരാനയില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടമായി പലായനം ചെയ്യുന്നുവെന്ന ആരോപണം വീണ്ടും ഉയര്‍ത്തിയ ആദിത്യനാഥ് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കി. ഖൈരാനയിലെ സ്ഥിതിയെ 27 വര്‍ഷം മുമ്പത്തെ കശ്മീരിനോടാണ് അദ്ദേഹം ഉപമിച്ചത്.
“1990കളില്‍ കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്തത് നിങ്ങള്‍ മറന്നുപോയോ? നിങ്ങള്‍ ഇപ്പോഴെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ നിങ്ങളും മറ്റു മേഖലകളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവും.” അദ്ദേഹം പറഞ്ഞു.
ഒരു ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേകം അവകാശങ്ങള്‍ നല്‍കേണ്ടെന്ന 2013ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്റെ തീരുമാനത്തെയും ആദിത്യനാഥ് പ്രകീര്‍ത്തിച്ചു. ഇത്തരമൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസും എസ്.പി.യും ബി.എസ്.പിയുമൊക്കെ ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
Also Read:പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടിയെന്ന് ന്യൂസ് 18 സര്‍വ്വെ