ഗാസിയാബാദ്: ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിങിന്റെ മുന്‍ രാഷ്ട്രീയ ഉപദേഷ്ടാവ് ശംഭു പ്രസാദ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റില്‍. ഗാസിയാബാദ് താന സിഹാനി ഗേറ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അജയ് ത്യാഗി എന്ന ആള്‍ നല്‍കിയ പരാതിയിലാണ് ഐ.പി.സി 420 ചുമത്തി ശംഭുപ്രസാദിനെ അറസ്റ്റ് ചെയ്തത്. പണമിടപാടില്‍ കൃത്രിമത്വം കാണിക്കാന്‍ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്ത കേസിലാണ് ശംഭു പ്രസാദ് അറസ്റ്റിലായത്. ഇയാളെ ഗാസിയാബാദ് പൊലീസ് കോടതിയില്‍ ഹാജരാക്കി.
ഇതിനുമുമ്പ് സമാന സ്വഭാവമുള്ള മൂന്നുകേസുകളും ശംഭുപ്രസാദിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കേസ് വിദേശകാര്യമന്ത്രാലയം നല്‍കിയതാണ്. എന്നാല്‍ ശംഭുപ്രസാദ് ഇതില്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരുന്നു. നേരത്തെ സി.ബി.ഐ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗാസിയാബാദ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വികെ സിങിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്നു ശംഭുപ്രസാദ്. വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി ചിലര്‍ തനിക്കുമേല്‍ കേസ് കെട്ടിച്ചമയ്ക്കുകയാണെന്നാണ് ശംഭുവിന്റെ വാദം.