ലക്‌നൗ: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് രാജ്യസഭാംഗമായ വിനയ് കത്യാറിന്റെ വാദം.
ദേശീയ മാധ്യമമായ സി.എന്‍.എന്‍- ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് വിനയ് കത്യാര്‍ താജ്മഹല്‍ വിഷയത്തില്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്നും കത്യാര്‍ പറഞ്ഞു.
താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ വിനയ് കത്യാര്‍ താന്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനമാണെന്ന പ്രസ്താവനയുമായി സംഗീത് സോം രംഗത്തെത്തിയത്.
നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ താജ്മഹലിനെ അപമാനിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് സംഗീക് സോമിന്റെയും കത്യാറിന്റെയും പരാമര്‍ശങ്ങള്‍.
നേരത്തെ സംഗീത് സോമിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ താന്‍ ഒക്ടോബര്‍ 26 ന് താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിക്കുമെന്ന് ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ബി.ജെ.പി രാജ്യസഭാംഗം വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.