| Thursday, 16th June 2022, 2:27 pm

അഗ്നിപഥ് യുവാക്കള്‍ക്കിടയില്‍ വെറുപ്പിന് കാരണമാകും; രാജ്‌നാഥ് സിങിന് കത്തെഴുതി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ടിങ് നയമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് ബി.ജെ.പി ലോക്‌സഭാ എം.പി വരുണ്‍ ഗാന്ധി. പദ്ധതിയുടെ വിവിധ പ്രൊവിഷനുകളെ ചോദ്യം ചെയ്തുകൊണ്ടാണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്.

പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തിലാണ് വരുണ്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ഹ്രസ്വകാലത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് കോണ്‍ട്രാക്ട് ബേസില്‍ എത്തിക്കുന്ന ഈ പദ്ധതി യുവാക്കള്‍ക്കിടയില്‍ വെറുപ്പിന് കാരണമാകുമെന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്തണമെന്നും വരുണ്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

പദ്ധതി സംബന്ധിച്ച് നിരവധി യുവാക്കള്‍ അവരുടെ സംശയങ്ങളും ചോദ്യങ്ങളും തന്നോട് ഉന്നയിക്കുന്നുണ്ടെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

”75 ശതമാനം സൈനികരും നാല് വര്‍ഷത്തിന് ശേഷം തൊഴില്‍രഹിതരാകും. ഈ നമ്പര്‍ വര്‍ഷം തോറും കൂടി വരും. അത് യുവാക്കള്‍ക്കിടയില്‍ വെറുപ്പിനും നിരാശക്കും കാരണമാകും,” വരുണ്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

നാല് വര്‍ഷത്തെ സൈനിക സേവനം യുവാക്കളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതക്കും മറ്റ് ജോലികള്‍ ലഭിക്കുന്നതിനുമെല്ലാം തടസമാകുമെന്നും തൊഴില്‍രഹിതരായ യുവാക്കളുടെ താല്‍പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ബീഹാറില്‍ ട്രെയിന്‍ ബോഗിക്ക് തീയിട്ടും റോഡ് ഉപരോധിച്ചുമാണ് യുവാക്കള്‍ പ്രതിഷേധിക്കുന്നത്.
എം.പിമാരുടെ ദല്‍ഹിയിലെ വീടുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം നടക്കുന്നുണ്ട്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നത്.

ഇന്ത്യയുടെ സൈനിക സേവനത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്.

17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേര്‍ക്കാനാണ് പദ്ധതി. എന്നാല്‍ നാല് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം തങ്ങള്‍ എന്ത് ചെയ്യണമെന്നാണ് പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്.

ഈ നാല് വര്‍ഷ കാലയളവില്‍ അവര്‍ക്ക് 30,000-40,000 രൂപ ശമ്പളവും അലവന്‍സുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സും നല്‍കും. നാല് വര്‍ഷത്തിനു ശേഷം ഇവരില്‍ 25 ശതമാനത്തെ നിലനിര്‍ത്തും. അവര്‍ 15 വര്‍ഷം നോണ്‍ ഓഫീസര്‍ റാങ്കുകളില്‍ തുടരും.

ശേഷിക്കുന്നവര്‍ക്ക് 11-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള പാക്കേജ് നല്‍കി ജോലിയില്‍ നിന്നും പിരിച്ചുവിടും. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയില്ല.

Content Highlight: BJP MP Varun Gandhi writes letter to Rajnath Singh, says ‘Agnipath’ will give rise to more disaffection in youth

We use cookies to give you the best possible experience. Learn more