ന്യൂദല്‍ഹി: ബി.ജെ.പി സീറ്റ് നിഷേധിച്ച ദല്‍ഹി നോര്‍ത്ത് വെസ്റ്റ് എം.പി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം ഉദിത് രാജ് നില്‍ക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദിത് രാജിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്വീറ്റ് പറയുന്നു.
ഉദിത് രാജിന് പകരം പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. ഇതിന് പിന്നാലെ ഇന്നലെ അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.
ഞാനല്ല പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി എന്നെ കൈയൊഴിയുകയായിരുന്നുവെന്നും രാജി പ്രഖ്യാപിച്ച് കൊണ്ട് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.
സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉദിത് രാജ് നേരത്തെ തന്നെ ബി.ജെ.പിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാവിലെ വരെ ദല്‍ഹിയില്‍ ബി.ജെ.പി ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ദല്‍ഹി ബി.ജെ.പി ഓഫീസിലേക്ക് ഉദിത് രാജ് എത്തിയിരുന്നു. ഈ സമയത്ത് ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സും ബി.ജെ.പി ഓഫീസില്‍ ഉണ്ടായിരുന്നു.
2014ല്‍ എ.എ.പിയുടെ രാഖി ബിര്‍ളയെ പരാജയപ്പെടുത്തിയാണ് ഉദിത് രാജ് പാര്‍ലമെന്റിലെത്തിയത്. സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചതിന് ശേഷമായിരുന്നു മത്സരിച്ചിരുന്നത്. ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചയാളാണ് ഉദിത് രാജ്.
Congress President @RahulGandhi welcomes Shri Udit Raj into the Congress party. pic.twitter.com/EZi9gygbyu
— Congress (@INCIndia) April 24, 2019
आज मैं कांग्रेस @INCIndia में शामिल हुआ , श्री @RahulGandhi जी का धन्यवाद। pic.twitter.com/j117b1cq9m
— Dr. Udit Raj, MP (@Dr_Uditraj) April 24, 2019