വിവരാവകാശ രേഖയില്‍ കുടുങ്ങി ബി.ജെ.പി എം.പി; നിഷികാന്ത് ദുബേയുടെ ബിരുദം വ്യാജം
national news
വിവരാവകാശ രേഖയില്‍ കുടുങ്ങി ബി.ജെ.പി എം.പി; നിഷികാന്ത് ദുബേയുടെ ബിരുദം വ്യാജം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 5:37 pm

ന്യൂദല്‍ഹി: ബി.ജെ.പി എം.പി. നിഷികാന്ത് ദുബേയുടെ എം.ബി.എ ബിരുദം വ്യാജമാണെന്നതിന് തെളിവുകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ദുബേ 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയെന്നാണ് അവകാശമുന്നയിച്ചിരുന്നത്.

എന്നാല്‍ ഈ കാലയളവില്‍ നിഷികാന്ത് ദുബേ എന്ന പേരിലുള്ള ഒരാള്‍ ഇവിടെ അഡ്മിഷന്‍ നേടുകയോ, 1993ല്‍ ഡിഗ്രി നേടി വിജയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി ലഭിച്ചത്.

 

നിഷികാന്ത് ദുബേയുടെ ദല്‍ഹി സര്‍വകലാശാല എം.ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പങ്കുവെച്ച് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

‘2019ലെ തെരഞ്ഞെടുപ്പിനായി ദുബേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നത് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള വിഷയത്തില്‍ 2018ല്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട് എന്നാണ്. രാജസ്ഥാനിലെ പ്രതാപ് സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി എന്നും പറയുന്നു. എന്നാല്‍ 1993ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എം.ബി.എ ബിരുദത്തെപ്പറ്റി ഈ സത്യവാങ്മൂലത്തില്‍ സൂചനകളൊന്നുമില്ല.

 

അതേസമയം, പി.എച്ച്.ഡിക്കായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ദുബേ ചേര്‍ത്ത രേഖയില്‍ നിന്ന് മനസിലാകുന്നത് പ്രതാപ് സര്‍വകലാശാലയില്‍ നിന്ന് 2013-15 കാലത്ത് അദ്ദേഹം എം.ബി.എ പഠനം പൂര്‍ത്തിയാക്കി എന്നാണ്. എന്നാല്‍ ഇക്കാലത്ത് അദ്ദേഹം എം.പിയായിരുന്നു.

എം.പിയായിരിക്കെ മുഴുവന്‍സമയ എം.ബി.എ കോഴ്‌സ് ചെയ്ത ബി.ജെ.പി നേതാവിന്റെ പ്രതാപ് സര്‍വകലാശാലയിലെ ഹാജര്‍നില അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ ലോക്‌സഭയിലെ ഹാജറും മണ്ഡലം സന്ദര്‍ശനത്തിന്റെ വിവരങ്ങളും പുറത്തുവിടണം,’ മഹുവ മൊയ്ത്ര പറഞ്ഞു.

Content Highlight: BJP MP Trinamool Congress MP Mahua Moitra with evidence that Nishikant Dubey’s MBA degree is fake