ന്യൂദല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി എം.പി തേജസ്വി സൂര്യ.
വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടെന്നും രാജ്യത്ത് തൊഴിലില്ലാത്ത ഒരേയൊരാള്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധിയോടുള്ള പരിഹാസരൂപേണ പ്രതികരിച്ചു.
പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ തേജസ്വി സൂര്യ.
”ജി.ഡി.പിയടക്കമുള്ള വികസനസൂചികകളില്‍ ഇത്രയധികം വര്‍ധനവുണ്ടാകുമ്പോള്‍ എങ്ങനെയാണ് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുക.
തങ്ങളുടെ രാഷ്ട്രീയപരമായ തൊഴിലില്ലായ്മയെ രാജ്യത്തെ തൊഴിലില്ലായ്മയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ വംശത്തിലെ നേതാക്കളും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.
കഠിനാധ്വാനികളായ കഴിവുള്ള ആളുകള്‍ക്ക് എല്ലാ അവസരങ്ങളുമുണ്ടാകും. ഇവിടത്തെ ഒരേയൊരു തൊഴില്‍രഹിതന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരനാണ്,” തേജസ്വി സൂര്യ പറഞ്ഞു.
മോദി ഭരണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ സാമ്പത്തികപരമായ വലിയ അത്ഭുതങ്ങള്‍ നടന്നുവെന്നും തേജസ്വി പറഞ്ഞു.
മോദി വരുന്നതിന് മുമ്പ് ഇവിടെ രണ്ടക്കത്തില്‍ വിലക്കയറ്റമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. മുമ്പ് ജി.ഡി.പി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ മോദിക്ക് ശേഷം അത് 230 ലക്ഷം കോടിയായിയായെന്നും തേജസ്വി സൂര്യ വാദിച്ചു.
നേരത്തെ, മോദി ഭരണത്തില്‍ ഇവിടെ രണ്ട് ഇന്ത്യയാണുള്ളത്- അതിസമ്പന്നരുടെ ഇന്ത്യയും പാവപ്പെട്ടവരുടെ ഇന്ത്യയും, എന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനും തേജസ്വി മറുപടി നല്‍കി.