ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ.
ജനാധിപത്യ രാജ്യങ്ങളോടുള്ള ഭീഷണിയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് തേജസ്വി സൂര്യയുടെ വാദം. അമേരിക്കന്‍ പ്രസിഡന്റിനോട് ട്വിറ്ററിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമെങ്കില്‍ ലോകത്തുള്ള ആരോടും ഇത് ചെയ്യാന്‍ സാധിക്കുമെന്നും തേജസ്വി സൂര്യ പറയുന്നു.
” അനിയന്ത്രിതമായ വന്‍കിട ടെക് കമ്പനികള്‍ നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ത്ത ഭീഷണി ഇതുവരെ മനസിലാക്കാത്ത എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ് ആയിരിക്കണം ഇത്. അവര്‍ക്ക് ഇത് പോട്ടസ് (പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്) ചെയ്യാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് ഇത് ആരോടും ചെയ്യാന്‍ കഴിയും,” തേജസ്വി സൂര്യ പറഞ്ഞു.
ട്വിറ്റര്‍ പോലുള്ള കമ്പനികള്‍ക്ക് മേല്‍ എത്രയും പെട്ടെന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന് നല്ലത് എന്നും തേജസ്വി സൂര്യ അവകാശപ്പെട്ടു.
കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് തേജസ്വിയുടെ ട്വീറ്റ്.
യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് അക്കൗണ്ട് നീക്കിയതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP MP Tejasvi Surya cited Twitter’s permanent suspension of outgoing US President Donald Trump’s account as a “wake-up call for democracies