ന്യൂദല്‍ഹി: ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയതായി എം.പി താപിര്‍ ഗാവൊ.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) 17 വയസുകാരനെ തട്ടിക്കൊണ്ട് പോയതായാണ് അരുണാചലില്‍ നിന്നുള്ള ബി.ജെ.പി എം.പി താപിര്‍ ഗാവൊ ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ ഭൂപ്രദേശത്തിലുള്‍പ്പെട്ട അരുണാചലിലെ അപ്പര്‍ സിയാങ് ജില്ലയിലെ ലങ്ട ജോര്‍ ഏരിയയില്‍ നിന്നാണ് മിരം താരൊണ്‍ എന്ന കൗമാരക്കാരനെ ചൊവ്വാഴ്ച തട്ടിക്കൊണ്ട് പോയത്, എന്നാണ് ട്വീറ്റില്‍ പറയുന്നത്.
ബുധനാഴ്ചയായിരുന്നു എം.പി താപിര്‍ ഗാവൊ ഇക്കാര്യം പറഞ്ഞ് ട്വീറ്റ് ചെയ്തത്.
പി.എല്‍.എയുടെ തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട മിരം താരൊണിന്റെ സുഹൃത്ത് ജോണി യെയിങ് ആണ് സംഭവം അധികൃതരെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ആര്‍മി എന്നിവരെ എം.പി താപിര്‍ ഗാവൊ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
കൗമാരക്കാരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.
2020 സെപ്റ്റംബറില്‍ പി.എല്‍.എ സേന അരുണാചലില്‍ നിന്നും അഞ്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞായിരുന്നു ആണ്‍കുട്ടികളെ മോചിപ്പിച്ചത്.
2020 ഏപ്രില്‍ മുതല്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഡിസംബറില്‍, അരണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങള്‍ക്ക് ചൈന സ്റ്റാന്‍ഡേര്‍ഡൈസ്ഡ് പേര് നല്‍കിയിരുന്നു. ഈ പ്രദേശങ്ങള്‍ സൗത്ത് ടിബറ്റ് ആണ് എന്നായിരുന്നു ചൈനയുടെ വാദം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP MP Tapir Gao tweeted that China’s PLA abducted Indian boy from Arunachal Pradesh