ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി എം.പി സുശീല്‍ മോദി. ചില ഇടത്- ലിബറല്‍ ആക്ടിവിസ്റ്റുകള്‍ രാജ്യത്തിന്റെ ധാര്‍മികത മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യസഭയില്‍ വെച്ച് മോദി പറഞ്ഞു.
”മുസ്‌ലിം വ്യക്തിനിയമമോ അതുപോലുള്ള ക്രോഡീകരിക്കപ്പെടാത്ത വ്യക്തി നിയമങ്ങളോ ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ല. സ്വവര്‍ഗ വിവാഹം രാജ്യത്തെ വ്യക്തിനിയമങ്ങളുടെ സന്തുലിതാവസ്ഥയെ മോശമായി ബാധിക്കും,” സുശീല്‍ മോദി രാജ്യസഭയില്‍ പറഞ്ഞു.
പാര്‍ലമെന്റിലും പൊതുസമൂഹത്തിലും സംവാദത്തിന് വെക്കേണ്ട ഒരു സുപ്രധാന സാമൂഹിക വിഷയത്തില്‍ രണ്ട് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിതിരെ കോടതിയില്‍ ശക്തമായി വാദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട സുശീല്‍ മോദി, രാജ്യത്തിന്റെ സാംസ്‌കാരിക ധാര്‍മികതയ്ക്ക് (cultural ethos) വിരുദ്ധമായ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്നും ജുഡീഷ്യറിയോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന രണ്ട് ഹരജികളിന്മേല്‍ മറുപടി നല്‍കുന്നതിന് 2023 ജനുവരി ആറ് വരെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.
2018ലായിരുന്നു സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന കൊളോണിയല്‍ കാല നിയമം സുപ്രീംകോടതി റദ്ദാക്കിയത്.
Content Highlight: BJP MP Sushil Modi says same-sex marriage is unacceptable and will harm delicate balance of personal laws