സുരേഷ് ഗോപിയുടെ പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ആരോപണം.
കോട്ടയം: കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനുള്ള കേന്ദ്രനീക്കത്തില്‍ സാധാരണക്കാര്‍ ദുരുതത്തിലായിരിക്കെ നടനും ബി.ജെ.പി രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പിനെതിരെ സോഷ്യല്‍മീഡിയ.
സുരേഷ് ഗോപിയുടെ പിവൈ 01 ബിഎ 999 നമ്പറിലുള്ള ഓഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ആരോപണം. നികുതി ലാഭിക്കുന്നതിന് ആഡംബര വാഹനങ്ങള്‍ വാങ്ങുന്ന എല്ലാ സമ്പന്നരും സ്വീകരിക്കുന്ന തന്ത്രമാണ് സുരേഷ് ഗോപിയും സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഇതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപയാണെന്നും ആരോപണമുണ്ട്.
ചെറുകാറുകള്‍ വാങ്ങുന്നവര്‍ പോലും സംസ്ഥാനത്ത് തന്നെ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവരാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇരുപത് ലക്ഷം രൂപ മുകളില്‍ വിലയുള്ള ഏത് കാറിനും പോണ്ടിച്ചേരിയില്‍ 55,000 ഫ്ളാറ്റ് ടാക്സ് നല്കിയാല് മതിയാകും. അതിന് താഴെയുള്ളവയ്ക്ക് പതിനയ്യായിരം രൂപയും.
നികുതി നിരക്കിലെ ഈ അന്തരം മുതലെടുക്കാനാണ് ആഡംബര വാഹനം സ്വന്തമാക്കുന്നവര്‍ പോണ്ടിച്ചേരിയിലേക്ക് പോകുന്നത്. സുരേഷ് ഗോപിയുടെ ഓഡി ക്യു 7ന് 75 ലക്ഷം രൂപയാണ് വില. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ അദ്ദേഹം നികുതിയില്‍ ലാഭിച്ചത് അഞ്ചര ലക്ഷം രൂപ. താല്‍ക്കാലിക പോണ്ടിച്ചേരി വിലാസം സംഘടിപ്പിച്ചാല്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല. അത് ഡീലര്‍മാര്‍ തന്നെ സംഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
ഇക്കാര്യം സംബന്ധിച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന ദീപക് ശങ്കരനായണന്റെ പോസ്റ്റ്.
കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താല്‍ അടുത്ത ആര്.ടി.ഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.
പിന്നെ ചില വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്തിനാണ്?
ചില വാഹനങ്ങള്‍ എന്നല്ല ചില ആളുകള്‍ എന്നാണ് പറയേണ്ടത്. എന്നുവച്ചാല്‍ സംഗതി ചില തരത്തിലുള്ള വന്‍കിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കല്‍ ഇന്ത്യയില്‍ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേര് ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷന്‍ എന്ന് ഇംഗ്ലീഷിലും പറയും.
അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ളാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും.
(എഡിറ്റ്: ഓഡി ക്യു 7ന് ഇരുപതു ശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്)
നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല.
അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും.
ഇനി ഈ വീഡിയോ കാണുക. രാവിലെ യാദൃശ്ചികമായി മീഡിയാവണ്‍ ചാനല്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചതാണ്. അതിലൊരു ഓഡി ക്യു 7 കാര്‍ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി.ജെ.പിയുടെ രാജ്യസഭാ എം.പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം.പി ആയതല്ല, ബി.ജെ.പി നോമിനേറ്റ് ചെയ്ത് പ്രസിഡന്റ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം.പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം.പി എന്ന് ബോര്‍ഡുമുണ്ട്.
അതിപ്പോ സുരേഷ് ഗോപി തല്‍ക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?
ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹന്‍ എന്ന രജിസ്ട്രേഷന് നമ്പറുകള്‍ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു എസ്.എം.എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.
PY01BA0999 [PUDUCHERRY,PY]
Owner:1-SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26-Jan-25
Finance:HDFC BANK LTD
MV Tax upto:(LifeTime)
-Courtsey:MoRTH/NIC
ഒന്നുമില്ല. സംഭവം സിംപിളും പവര്‍ഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി.ജെ.പിയുടേ ആകപ്പാടെയുള്ള ഒരു എം.പി യാണ്. എനിക്കതില്‍ അത്ഭുതമൊന്നുമില്ല, നിങ്ങള്‍ക്കുണ്ടെങ്കില്‍ തലക്കകത്ത് ഒന്നുകില്‍ അജ്ജാതി നിഷ്കളങ്കന് വേണം, അല്ലെങ്കില്‍ മറ്റേ കുറുവടി ടീമായിരിക്കണം.
ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തില്‍ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡല്‍ഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാന്‍ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!