ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതല സിബിഐ- എന്‍ഐഎ- എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കണമെന്ന് മുന്‍കേന്ദ്ര മന്ത്രി സുബ്രഹ്മണ്യം സ്വാമി. അന്വേഷണം മേല്‍പ്പറഞ്ഞ മൂന്ന് എജന്‍സികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്ത് നല്‍കി.
സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാനായി പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. അന്വേഷണം എന്‍.ഐ.എയ്ക്കും, എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനും വിട്ടുനല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം സി.ബി.ഐ പോലുള്ള ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടിമിനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തണെമന്നും കത്തില്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ട്- ട്വീറ്റില്‍ പറയുന്നു.
അതേസമയം എന്‍ഫോഴ്്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അന്വേഷണ ചുമതല നല്‍കിയ ഉത്തരവ് പുറത്ത് വന്ന വിവരവും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ കൊലപാതകമാകാനാണ് സാധ്യതയെന്നും അതിനുള്ള സാഹചര്യതെളിവുകള്‍ എന്നപേരില്‍ അദ്ദേഹം ചില വസ്തുതകളും ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സി.ബി.ഐ യെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സുശാന്ത് സിംഗിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ് എടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് നല്‍കിയ പരാതിയിലാണ് ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രണയത്തിന്റെ പേരില്‍ സുഷാന്തില്‍ നിന്ന് റിയ പണം കവര്‍ന്നതായും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഐ.പി.സി 406, 420, 341,323,342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ