ജനാര്‍ദ്ദന റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന ആരോപണത്തില്‍ നേരത്തെ അറസ്റ്റിലായ കര്‍ണാടക സ്പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക്, ചെന്നബസവപ്പയെ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.
ബംഗളൂരു: മുന്‍ ബി.ജെ.പി മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിക്കുവേണ്ടി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബി.ജെ.പി എം.പി. ശ്രീരാമുലുവിന്റെ ഗണ്‍മാന്‍ ചെന്നബസപ്പ ഹൊസാമ്മ കസ്റ്റഡിയില്‍.
ജനാര്‍ദ്ദന റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന ആരോപണത്തില്‍ നേരത്തെ അറസ്റ്റിലായ കര്‍ണാടക സ്പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്ക്, ചെന്നബസവപ്പയെ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ബെല്ലാരിയില്‍ നിന്നാണ് ചെന്നബസവപ്പയെ കസ്റ്റഡിയിലെടുത്തത്.
ഭീമാ നായിക്കിന്റെ ഫോണ്‍ വിളികളുടെ പട്ടിക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ജനാര്‍ദ്ദന റെഡ്ഡി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന്, ജനാര്‍ദന റെഡ്ഡിയും കര്‍ണാടക ഉദ്യോഗസ്ഥനും ദ്രോഹിക്കുന്നുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ഭീമാ നായിക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡ ആത്മഹത്യക്കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. 500 കോടി ചെലവിട്ട് നടത്തിയ റെഡ്ഡിയുടെ മകളുടെ കല്യാണത്തിനു മുന്‍പായിരുന്നു ഇതെന്നും രമേഷ് ഗൗഡ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഭീമാ നായിക്കിന്റെ അറസ്റ്റ്.
2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുലഭിക്കുന്നതിന് ശ്രീരാമുലുവിന് 25 കോടിരൂപ നല്‍കാന്‍ ഭീമാ നായിക്ക് തീരുമാനിച്ചിരുന്നുവെന്നും നഗരത്തിലെ ഹോട്ടലില്‍ വെച്ച് ജനാര്‍ദ്ദന റെഡ്ഡിയും ശ്രീരാമുലുവും ഭീമാ നായിക്കും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും രമേഷ് ഗൗഡ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു.
2007 ല്‍ ഭീമാ നായിക്ക് ബെല്ലാരി തഹസില്‍ദാറായി സേവനമനുഷ്ഠിക്കുമ്പോള്‍ത്തന്നെ ശ്രീരാമുലുമായി അടുപ്പമുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതിന് ഭീമാ നായിക്ക് 20 ശതമാനം കമ്മീഷന്‍ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 11ന് കലബുറഗിയില്‍വെച്ച് ഭീമാ നായിക്കിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു.
ഭീമാ നായിക്കിന്റെ ഔദ്യോഗിക ഡ്രൈവറായ രമേഷ് ഗൗഡയെ ഡിസംബര്‍ ഏഴിനാണ് മദ്ദൂരിലെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭീമ നായിക്കിനോടൊപ്പം മറ്റൊരു ഡ്രൈവര്‍ മുഹമ്മദിനെയും ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റുചെയ്തിരുന്നു.