| Thursday, 26th November 2020, 8:11 pm

അധികാരത്തിലെത്തിയാല്‍ ഒവൈസിയുടെയും സഹോദരന്റെയും വായടപ്പിക്കും; തങ്ങളുടെ സേവകരാക്കുമെന്ന് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഉവൈസിയുടെയും സഹോദരന്റെയും വായ് മൂടിക്കെട്ടുമെന്ന് ബി.ജെ.പി എം.പി. അരവിന്ദ്.

തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അസദുദ്ദീന്‍ ഉവൈസി, സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി എന്നിവരുടെ വാ മൂടിക്കെട്ടി ഞങ്ങളുടെ വരുതിയിലാക്കും. ശിഷ്ടകാലം മുഴുവന്‍ അവര്‍ എന്നെ സേവിക്കേണ്ടി വരും, അരവിന്ദ് പറഞ്ഞു.

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്.

നേരത്തെയും ഉവൈസിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. റോഹിംഗ്യകളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. ഉവൈസിക്കെതിരെയും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇതിനു മറുപടിയുമായി ഉവൈസിയും രംഗത്തെത്തിയിരുന്നു.

ഇവിടെ താമസിക്കുന്നവരെല്ലാം പൗരന്മാരാണ്, എത്ര പാകിസ്താനികളും റോഹിംഗ്യകളും ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കാമെന്നും ഉവൈസി പറഞ്ഞിരുന്നു.

ഹൈദരാബാദിലെ മേയര്‍ സ്ഥാനം ലഭിച്ചാല്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ സഞ്ജയ് കുമാറിന് മറുപടി നല്‍കവെയായിരുന്നു ഉവൈസിയുടെ ഈ പരാമര്‍ശം.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും, പാകിസ്താനികളും, അഫ്ഗാനിസ്താനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അത്തരം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂ.

പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും സഞ്ജയ് കുമാര്‍ പറഞ്ഞിരുന്നു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് വേണ്ടി പ്രചരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി മുസ്ലിം വോട്ടിന്റെ സഹായത്താല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ശ്രമിക്കുന്നവര്‍ മതേതരവാദികളായാണ് സ്വയം അടയാളപ്പെടുത്തുന്നത്.

രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുത്വ വികാരങ്ങളെ മാനിക്കുന്ന ബി.ജെ.പിയെ വര്‍ഗീയ പാര്‍ട്ടിയായും മുദ്രകുത്തുന്നു. ഇത്തരത്തില്‍ അനേകം വിദ്വേഷ പ്രസ്താവനകളാണ് സഞ്ജയ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉപയോഗിച്ചത്.
നേരത്തെയും ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; BJP MP slams Assasudin owaisi

We use cookies to give you the best possible experience. Learn more