ന്യൂദല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ബി.ജെ.പി നേതാക്കളെ വിളറി പിടിപ്പിച്ചെന്ന് ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങളെ ലക്ഷ്യം വെച്ചു കൊണ്ട് വര്‍ഷത്തേക്ക് 72,000 കോടി രൂപയുടെ പദ്ധതിയാണ് രാഹുലിന്റെ വാഗ്ദാനം.
“മികച്ച നീക്കം” എന്നാണ് സിന്‍ഹ പുതിയ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. “രാഹുലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇതൊരു പൊള്ളയായ വാഗ്ദാനമാണെന്ന് സ്ഥാപിക്കാനായി ഞങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിക്കാനായി ഓടേണ്ടി വന്നു”- ശത്രുഘന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
ഇത് വെറുമൊരു വ്യാജ വാഗ്ദാനം മാത്രമാണെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞതിന് പിന്നാലെയായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. ജനുവരിയിലായിരുന്നു രാഹുല്‍ ഗാന്ധി അടിസ്ഥാന വരുമാനം നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച് ആദ്യമായി സൂചന നല്‍കുന്നത്. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം പ്രകടന പത്രിക പുറത്തു വിട്ടതോടെ ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തുറുപ്പു ചീട്ടായി മാറുകയായിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
പി. ചിദംബരം അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയത്. മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്നും, അതിന്റെ രണ്ടാം ഘട്ടം എന്ന നിലയ്ക്ക് ഈ പദ്ധതിയിലൂടെ 5 കോടി കുടംബങ്ങളേയും 25 കോടി ജനങ്ങളേയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.
അതേസമയം, ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ച് 28 നോ 29 നോ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് പറഞ്ഞിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.
ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ബി.ജെ.പി ഇവിടെ ടിക്കറ്റ് നല്‍കിയത്.
ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയായിരുന്നു സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അതേ നാണയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാമെന്ന് ശത്രുഘന്‍ സിന്‍ഹ പ്രതികരിച്ചിരുന്നു.