| Saturday, 16th June 2018, 10:26 am

മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലീങ്ങളെ തല്ലിക്കൊന്ന പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വരെ പോകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലീം യുവാക്കളെ തല്ലിക്കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് ബി.ജെ.പി എം.പി.

അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് വേണ്ടി കേസ് നടത്താനായി ചിലവാകുന്ന മുഴുവന്‍ തുകയും താന്‍ വഹിക്കുമെന്നും ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു.

ജൂണ്‍ 13 ന് നടന്ന സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം മൂലമാണ് കേസില്‍ ആദിവാസികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആദിവാസികള്‍ കൊലപാതകം ചെയ്യില്ലെന്ന് കോണ്‍ഗ്രസുകാര്‍ ഒരുവശത്ത് പറയുകയും എന്നാല്‍ ആദിവാസികളെ തന്നെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് അവര്‍. ആയിരക്കണക്കിന് ആളുകളുടെ നടുവില്‍ വെച്ച് നടന്ന സംഭവത്തില്‍ എങ്ങനെയാണ് നാല് പേരെ മാത്രം തിരിച്ചറിയുക? എം.പി ചോദിക്കുന്നു.


മോദിക്ക് ഞാന്‍ 72 മണിക്കൂര്‍ സമയം തരുന്നു; എന്റെ മകനെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യണം; കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്


കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും, എത്ര തുക ചിലവായാലും അവര്‍ക്ക് വേണ്ടി ഞാന്‍ അതിന് തയ്യാറാവും. കേസിന്റെ എല്ലാ ചിലവും ഞാന്‍ വഹിക്കും. കേസില്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ- എം.പി ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലായിരുന്നു കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ അടിച്ചുകൊന്നത്. മുര്‍തസ അന്‍സാരി (35), ചര്‍ക്കു അന്‍സാരി(30) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമര്‍ദ്ദനത്തിന് പിന്നാലെ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ നിന്നും 12 പോത്തുകളെ അഞ്ചു പേരടങ്ങുന്ന സംഘം മോഷ്ടിച്ചെന്നും ഇവരെ അടുത്ത ഗ്രാമത്തില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്.

മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ മുര്‍തസയും ചര്‍ക്കുവും നാട്ടുകാരുടെ കൈയിലകപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതകത്തിനും കാലിമോഷണത്തിനും പൊലീസ് രണ്ട് എഫ്.ഐ.ആര്‍ ഫയല്‍ചെയ്തിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ നേരത്തേയും ജാര്‍ഖണ്ഡില്‍ നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more