| Sunday, 20th March 2022, 7:24 am

'കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടുമടങ്ങുമ്പോള്‍ ബോംബെറിഞ്ഞു'; ബംഗാളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബേറ് നടന്നെന്ന് ബി.ജെ.പി എം.പി ജഗന്നാഥ് സര്‍ക്കാര്‍.ബംഗാളിലാണ് സംഭവം.

”ഞാന്‍ കശ്മീര്‍ ഫയല്‍സ് കണ്ടു മടങ്ങുകയായിരുന്നു. തിരിച്ചുവരുമ്പോള്‍ എന്റെ കാറിന് നേരെ ആരോ ബോംബ് എറിഞ്ഞു, ഞങ്ങള്‍ അതില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.10 മിനിറ്റിന് ശേഷം പൊലീസ് എത്തി,” ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില വഷളായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതിനാല്‍ ബംഗാളില്‍ ആരും സുരക്ഷിതരല്ല. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നു,’ എ.എന്‍.ഐ സര്‍ക്കാറിനെ ഉദ്ധരിച്ച് പറഞ്ഞു.

‘സംസ്ഥാനത്ത് നിലവിലുള്ള സ്ഥിതിഗതികള്‍ തടയാന്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്ട്രപതി ഭരണം) ഏര്‍പ്പെടുത്തണം. അല്ലാത്തപക്ഷം, ഇത് നിര്‍ത്തില്ല,’ ബി.ജെ.പി എം.പി കൂട്ടിച്ചേര്‍ത്തു.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയിയാണ് കശ്മീര്‍ഫയല്‍സ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlights: BJP MP says bomb hurled at his car after returning from ‘The Kashmir Files’ show

We use cookies to give you the best possible experience. Learn more