| Thursday, 6th December 2018, 3:05 pm

യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രമുഖ ബി.ജെ.പി നേതാവും എം.പിയുമായ സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് സാവിത്രി ഭായ് ഫൂലെയുടെ രാജി. സമൂഹത്തില്‍ ബി.ജെ.പി ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സാവിത്രി ഭായ് ഫുലെ പ്രതികരിച്ചു.

ബഹ്‌റൈച്ചില്‍ നിന്നുള്ള എം.പിയാണ് സാവിത്രി. ബി.ജെ.പിയുടെ ജനവിരുദ്ധ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ നേരത്തെ തന്ന പരസ്യ നിലപാടെടുത്ത വ്യക്തിയാണ് സാവിത്രി ഭായ് ഫൂലെ. നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞ് നടത്തിയ പ്രസ്താവനക്കെതിരെയും സാവിത്രി ഭായ് രംഗത്തെത്തിയിരുന്നു.

തൊഴില്‍ രംഗത്ത് ദളിതര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും സാവിത്രി ഭായ് ഫൂലെ തുറന്നടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ പാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ മുന്നോട്ട് വന്ന വിമത ബി.ജെ.പി എം.പി കൂടിയാണ് സാവിത്രി ഭായ്.


സുബോധ് കുമാര്‍ സിങിന്‍റെ  കൊലപാതകം;   മുഖ്യപ്രതിയായ ബജ്റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍


“”എല്ലാവരുടേയും വികസനം ഉറപ്പുനല്‍കിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ ദളിത് പിന്നാക്ക വിഭാഗക്കാര്‍ ഇപ്പോഴും ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ ജോലികളിലും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രതിഷേധങ്ങള്‍ നടക്കുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഇതൊന്നും കണ്ടമട്ടില്ല.

പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ലഖ്നൗവില്‍ ഞാന്‍ റാലി സംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അതുലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ടുപോകും- സാവിത്രി ഫൂലെ പറഞ്ഞു.

അതേസമയം സാവിത്രി ഫൂലെയുടെ ആരോപണം വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും കഴമ്പില്ലെന്നുമായിരുന്നു യു.പി ബി.ജെ.പി വക്താവ് രാകേഷ് തൃപതിയുടെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more