| Wednesday, 13th March 2019, 8:37 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും; ബി.ജെ.പിയെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി.

നാല് തവണ ലോക്‌സഭ എം.പിയും ഒരു തവണ രാജ്യസഭ എം.പിയുമായിരുന്ന ഇദ്ദേഹം നിലവില്‍ ഉന്നാവു മണ്ഡലത്തിലെ എം.പിയാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്.


ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡേക്ക് സാക്ഷി മഹാരാജ് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് പുറത്തായിട്ടുണ്ട്. തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.

ഉന്നാവു മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചില്ലെങ്കില്‍ അത് രാജ്യത്തേയും സംസ്ഥാനത്തേയും കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും സാക്ഷി കത്തില്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബി.ജെ.പി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല.

മുസ്‌ലിം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നേരത്തെ ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ സാക്ഷി മഹാരാജ് ആഹ്വാനം ചെയ്തിരുന്നു.


ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയാണ് മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചതെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്താണ് 3000 പള്ളികള്‍ നിര്‍മ്മിച്ചതെന്നും സാക്ഷി അന്ന് ആരോപിച്ചിരുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ വിലാപയാത്രയില്‍ തെരഞ്ഞെടുപ്പ് റാലിയിലെന്ന പോലെ ജനങ്ങളോട് ചിരിച്ചും, കൈവീശി കാണിച്ചും പങ്കെടുത്തത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more