| Friday, 12th April 2019, 7:04 pm

നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും; വോട്ട് തന്നില്ലെങ്കില്‍ ശപിക്കുമെന്ന് സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകുമെന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും എം.പിയുമായ സാക്ഷി മഹാരാജ്. ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നതെന്നും വോട്ട് തന്നില്ലെങ്കില്‍ ശപിക്കുമെന്നും സാക്ഷി പറഞ്ഞു.

‘ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്. പണമോ ഭൂമിയോ അല്ല ഞാന്‍ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ ഭജനയും കീര്‍ത്തനവുമായി കഴിയും’- എന്നായിരുന്നു സാക്ഷി മഹാരാജ് പറഞ്ഞത്.

അതേസമയം സന്യാസിവേഷം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സാക്ഷിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി പരാമര്‍ശത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി മുന്നറിയിപ്പു നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

‘ഞാന്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞു. പക്ഷേ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. അതിന് തുടക്കമിടാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണിത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ നൂറോ അമ്പതോ  വോട്ടുനല്‍കി നിങ്ങള്‍ വന്നുനോക്കൂ, നമുക്ക് കാണാം… ഞനൊരു വേര്‍തിരിവും കാണിക്കില്ല, എനിക്ക് വേദനയും ദു:ഖവും സ്നേഹവും മാത്രമേ കാണാനാവൂ. അതിനാല്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്.’ എന്നാണ് മനേക പറഞ്ഞത്.

പിലിഭിറ്റില്‍ നിന്നുള്ള എം.പിയായ മനേകാ ഗാന്ധി പത്തുദിവസം മുമ്പ് സുല്‍ത്താന്‍പൂര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വരുണ്‍ ഗാന്ധിയുടേതാണ് നിലവില്‍ ഈ സീറ്റ്. എന്നാല്‍ ഇത്തവണ വരുണ്‍ പിലിബിറ്റിലേക്ക് മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more