Advertisement
Pulwama Terror Attack
ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര റോഡ് ഷോയാക്കി ബി.ജെ.പി എം.പി; പ്രതിഷേധം ശക്തം - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 17, 02:16 am
Sunday, 17th February 2019, 7:46 am

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ വിലാപയാത്രയിലാണ് മണ്ഡലത്തിലെ എം.പിയായ സാക്ഷി മഹാരാജ് കൈവീശിക്കാണിച്ചത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വിലാപയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കുനേരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ നിന്ന് സാക്ഷി മഹാരാജ് ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം.

Read Also : “വ്യോമമാർഗം ജവാന്മാരെ കൊണ്ട് പോകണമെന്ന ആവശ്യം അഗണിക്കപ്പെട്ടു, രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും തഴയപ്പെട്ടു”: സി.ആർ.പി.എഫ്. ജവാന്റെ രഹസ്യമൊഴി

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ബി.ജെ.പി നേതാവിനെതിരേ ഉയരുന്നത്. ബി.ജെ.പി ജവാന്റെ മൃതദേഹം പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും വിലാപയാത്ര ബി.ജെ.പി റോഡ് ഷോ ആക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

നേരത്തെ, ഭീകരാക്രമണത്തില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതു വിവാദമായിരുന്നു. ബി.ജെ.പി ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി സ്വകാര്യ പരിപാടിയില്‍ ഡാന്‍സ് ചെയ്തതും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി റാലിയില്‍ പങ്കെടുത്തതും രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

 

അതേസമയം സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ശേഷം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്. ഭൗതിക ശരീരത്തിനൊപ്പമുള്ള കണ്ണന്താനത്തിന്റെ സെല്‍ഫിക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.