ന്യൂദല്‍ഹി: ആദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ കൈക്കൂലി വാങ്ങിയെന്ന ബി.ജെ.പി എം.പിയുടെ പരാതി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് നല്‍കിയ പരാതി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി.
ഇത് സംബന്ധിച്ച പ്രധാനപ്പെട്ട തെളിവകള്‍ സ്പീക്കര്‍ക്ക് കൈമാറിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു. ഈ തെളിവുകള്‍ അടക്കം പരിശോധിച്ചായിരിക്കും എത്തിക്‌സ് കമ്മിറ്റി വിഷയത്തില്‍ നടപടി സ്വീകരിക്കുക.
തുടര്‍നടപടി സ്വീകരിച്ചാല്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ മഹുവക്ക് ഹാജരാകേണ്ടിവരും. ഇതേ ആരോപണം ഉന്നയിച്ച് അഭിഭാഷകനായ ജൈന്‍ ആനന്ദ് എന്നയാളും മഹുവക്കെതിരെ സി.ബി.ഐയെ സമീപിച്ചിട്ടുണ്ട്. സി.ബി.ഐയും കേസുമായി മുന്നോട്ടുപോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദര്‍ശന്‍ ഹിരാനന്ദനി എന്ന ബിസിനസുകാരന്‍ മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ താറടിച്ചുകാണിക്കുന്നതിന് മോയിത്രക്ക് കൈക്കൂലിയായി സമ്മാനങ്ങളും പണവും നല്‍കിയെന്ന് ദുബെ മഹുവ മോയ്ത്രക്കെതിരെ ഉന്നയിക്കുന്ന ആരോപണം. മഹുവയെ
സസ്പെന്‍ഡ് ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് നിയമ ലംഘഞങ്ങള്‍ക്ക് പുറമെ ഐ.പി.സി സെക്ഷന്‍ 120 എ പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ് മോയിത്ര നടത്തിയതെന്നും ദുബെ കത്തില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മോയിത്ര, തനിക്കെതിരെ നീങ്ങും മുമ്പ്, നിരവധി തവണ അധികാര ദുര്‍വിനിയോഗം നടത്തിയ ദുബെ ഉള്‍പ്പെടെയുള്ള ബി.ജെ.പി എം.പിമാര്‍ക്കെതിരെയാണ് സ്പീക്കര്‍ ആദ്യം അന്വേഷണം നടത്തേണ്ടത് എന്ന് എക്സില്‍ പറഞ്ഞു. തന്റെ വാതില്‍ക്കലേക്ക് വരുംമുമ്പ് അദാനി കല്‍ക്കരി തട്ടിപ്പ് കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന മഹുവ മോയിത്ര ലോക്‌സഭയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
Content Highlight: BJP MP’s complaint that Hua took bribe was submitted to the Parliamentary Ethics Committee