മണിപ്പൂര്‍ വിഷയം സെന്‍സിറ്റീവാണ്; കലാപത്തെ രാഹുല്‍ രാഷ്ട്രീയവത്കരിക്കുന്നു: ബി.ജെ.പി എം.പി
national news
മണിപ്പൂര്‍ വിഷയം സെന്‍സിറ്റീവാണ്; കലാപത്തെ രാഹുല്‍ രാഷ്ട്രീയവത്കരിക്കുന്നു: ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2024, 9:09 pm

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ്. മണിപ്പൂര്‍ സെന്‍സിറ്റീവായ വിഷയമാണെന്നും കലാപത്തെ രാഹുല്‍ ഗാന്ധി രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

‘മണിപ്പൂര്‍ സെന്‍സിറ്റീവായ വിഷയമാണ്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ഈ വിഷയത്തെ രാഹുല്‍ ഗാന്ധി രാഷ്ട്രീയവത്കരിക്കുകയാണ്,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

സംസ്ഥാനത്തെ മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള അകലം കുറക്കേണ്ടതുണ്ട്. അതിനായി മണിപ്പൂരില്‍ കൃത്യമായ നയങ്ങള്‍ നടപ്പിലാക്കണമെന്നും ബി.ജെ.പി എം.പി പ്രതികരിച്ചു. എന്നാല്‍ മണിപ്പൂരില്‍ രാഹുല്‍ അതല്ല ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് ആയ നിലയ്ക്ക് രാഹുല്‍ ഗാന്ധി ഉത്തരവാദിത്തത്തോട് കൂടി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എന്തൊരു ബഹളമാണ് ഉണ്ടാക്കിയെതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉത്തരം പറയാന്‍ പ്രതിപക്ഷം അനുവദിച്ചില്ലെന്നും ബി.ജെ.പി എം.പി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. എന്നിട്ടും മണിപ്പൂരിലെ സ്ഥിതിഗതികളെ രാഹുല്‍ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ വിഷമമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മെയ്തെയ് വിഭാഗങ്ങളുമായി രാഹുല്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുല്‍ ജിരിബാമില്‍ എത്തുന്നതിന് മുമ്പ് ഗ്രാമത്തില്‍ ഒരു സംഘം ആളുകള്‍ വെടിവെപ്പ് നടത്തുകയുണ്ടായി. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് അജ്ഞാതരായ തോക്കുധാരികള്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധത്തിനിടയില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലോക്‌സഭയില്‍ മണിപ്പൂര്‍ വിഷയത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നെലെയാണ് രാഹുലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദേശനം.

Content Highlight: BJP MP Ravi Shankar Prasad says Opposition leader Rahul Gandhi is politicizing Manipur riots