| Thursday, 7th December 2023, 7:26 pm

മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പി രമേശ്‌ ബിധുരി; ഖേദപ്രകടനം ഡാനിഷ് അലി എം.പിക്കെതിരായ വർഗീയ പരാമർശത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി എം.പി രമേശ്‌ ബിധുരി.

ലോക്സഭാ പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെയാണ് രമേശ്‌ ബിധുഡിയുടെ ഖേദപ്രകടനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം പാർലമെന്റ് സമിതി രമേശ് ബിധുരിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്സഭയിൽ നടക്കുന്നതിനിടയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. പരാമർശങ്ങൾ സഭ നീക്കം ചെയ്തിരുന്നു. ‘ഇദ്ദേഹം തീവ്രവാദിയാണ്’ എന്നായിരുന്നു ബിധുരിയുടെ പരാമർശം.

ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവത്തിൽ നിരവധി പ്രതിപക്ഷ എം.പിമാർ ബിധുരിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഡാനിഷ് അലിയെ നേരിൽകണ്ട് പിന്തുണ അറിയിച്ചിരുന്നു.

വിവാദങ്ങൾക്കിടയിൽ ബിധുരിക്ക് ബി.ജെ.പി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഡാനിഷ് അലി ഉന്നയിച്ച പരാതിയിൽ വിശദീകരണം തേടാൻ പാർലമെന്റ് സമിതി നിശ്ചയിച്ച യോഗത്തിൽ നിന്ന് തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാണിച്ച് ബിധുരി ഒഴിഞ്ഞു മാറിയിരുന്നു.

Content Highlight: BJP MP Ramesh Bidhuri Regrets His Remarks Against BSP’s Danish Ali

We use cookies to give you the best possible experience. Learn more