ഘര്‍ വാപസി രാജ്യത്തിനും പാര്‍ട്ടിക്കും മേലുള്ള കളങ്കമെന്ന് ബി.ജെ.പി എം.പി
Daily News
ഘര്‍ വാപസി രാജ്യത്തിനും പാര്‍ട്ടിക്കും മേലുള്ള കളങ്കമെന്ന് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2015, 12:30 pm

ghar-vapasiന്യൂദല്‍ഹി: ഹിന്ദു സംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തന പരിപാടി “ഘര്‍ വാപസി”യോടുള്ള പാര്‍ട്ടിയുടെ സമീപനം ചോദ്യം ചെയ്ത് ബി.ജെ.പി എം.പി. ദളിത് നേതാവ് കൂടിയായ ഉദിത് രാജാണ് ബംഗളുരുവില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവില്‍ ഘര്‍ വാപസിയെ ചോദ്യം ചെയ്തത്.

ഘര്‍ വാപസി ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച ബംഗളുരുവില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഉദിത് രാജിന്റെ ഈ അഭിപ്രായ പ്രകടനം.

യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. മോദിക്കൊപ്പം അമിത് ഷായുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

“ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടായിട്ടുണ്ട്. ഘര്‍ വാപസി കാമ്പെയ്ന്‍ സൃഷ്ടിച്ച മോശമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനു ആശങ്കയുണ്ട്. ഒരു രാഷ്ട്രീയ പ്രമേയത്തിലൂടെ ബി.ജെ.പി ഘര്‍ വാപസിക്കെതിരെ ശക്തമായ സന്ദേശം നല്‍കണം” എന്നും അദ്ദേഹം പറഞ്ഞതായി ബി.ജെ.പി നേതാക്കളിലൊരാള്‍ പറഞ്ഞു.

ഇക്കാര്യം യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായി ഉദിത് രാജ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

” ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും ഞങ്ങള്‍ അവര്‍ക്കെതിരാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ടെന്ന പ്രശ്‌നം ഞാന്‍ ഉയര്‍ത്തി. വീണ്ടും വീണ്ടും അവര്‍ ഈ പ്രശ്‌നം ഉന്നയിക്കുകയും രാജ്യത്തിന്റെയും സര്‍ക്കാറിന്റെ പ്രതിച്ഛായ ഈ കാമ്പെയ്ന്‍ നശിപ്പിക്കുകയും ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും വെങ്കയ്യ നായിഡുവും ഇതിനകം തന്നെ ഘര്‍ വാപസിയെ തള്ളിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്‍ട്ടിയെന്ന നിലയ്ക്ക് തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി തുറന്നു പറയണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ബി.ജെ.പി എം.പി വ്യക്തമാക്കി.