| Friday, 2nd June 2023, 8:59 am

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍; വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി  പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

‘ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല, വനിതയെന്ന നിലയിലാണ് ഇത് പറയുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്തമാകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. സിര്‍സ ജില്ലയിലെ പരിപാടിയില്‍ വനിതാ സര്‍പഞ്ച് ഖട്ടറിന് നേരെ ദുപ്പട്ട വലിച്ചെറിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുന്ന ഹരിയാനയില്‍, കര്‍ഷകരും ജാട്ടുകളും ബി.ജെ.പിയെയും സഖ്യകക്ഷിയായ ജെ.ജെ.പിയെയും (ജന്‍നായക് ജനതാ പാര്‍ട്ടി) ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ജാട്ടുകളുടെ പിന്തുണ ജെ.ജെ.പിക്ക് നിര്‍ണായകമാണ്.

ജെ.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല സമരപന്തലിലെത്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ആഭ്യന്തരമന്ത്രി അനില്‍ വിജ്, മുന്‍ കേന്ദ്രമന്ത്രി ബീരേന്ദര്‍ സിങ് എന്നിവര്‍ക്ക് പിന്നാലെ ഹിസാറില്‍ നിന്നുള്ള എം.പി. ബ്രിജേന്ദര്‍ സിങും പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ഓംപ്രകാശ് ധന്‍കറും താരങ്ങളെ പിന്തുണക്കാന്‍ നിര്‍ബന്ധിതനായി.

Content Highlights: bjp mp preetham munde support wrestlers protest, farmers agitates

We use cookies to give you the best possible experience. Learn more