ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ കോടതിയ്ക്ക് മുന്നില്‍ ഹാജരാകാതെ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് അടക്കം നാല് പ്രതികള്‍. കഴിഞ്ഞ ദിവസം മലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളോട് ഡിസംബര്‍ മൂന്നിന് ഹാജരാകണമെന്ന് എന്‍.ഐ.എ കോടതി അറിയിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്.
ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, സമീര്‍ കുല്‍കര്‍ണി, അജയ് രാഹിര്‍ക് എന്നിവരാണ് കോടതിയില്‍ ഹാജരായത്.
യാത്രയും മറ്റും ഈ സമയത്ത് ബുദ്ധിമുട്ടായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ സാധിച്ചില്ലെന്നാണ് പ്രഗ്യയുടെ അഭിഭാഷകന്‍ പ്രശാന്ത് മഗ്ഗു കോടതിയെ അറിയിച്ചത്.
‘ഇത്തരം സാഹചര്യത്തില്‍ യാത്രയും മറ്റും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പ്രതിയ്ക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും ഇങ്ങനെ പെട്ടെന്ന് വിളിച്ചറിയിക്കുമ്പോള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്,’ പ്രശാന്ത് മഗ്ഗു പറഞ്ഞു.
ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളിലായി താമസിക്കുന്ന മറ്റു പ്രതികള്‍ക്കും പെട്ടെന്ന് കോടതിയില്‍ എത്താന്‍ കഴിയില്ലെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് പ്രതികളോട് ഡിസംബര്‍ 19ന് ഹാജരാകാന്‍ ജഡ്ജ് പി.ആര്‍ സിത്രേ ഉത്തരവിട്ടു.
കേസില്‍ ദൈനംദിന വിചാരണ ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിലെ ഒരാളുടെ അപേക്ഷയിലാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നോട്ടീസയച്ചത്. എന്‍.ഐ.എ വേഗത്തില്‍ വിചാരണ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ സാക്ഷികളെ കണ്ടെത്തേണ്ടതുണ്ടെന്നും ഇത് ശ്രമകരമായ കാര്യമാണെന്നും കോടതിയെ എന്‍.ഐ.എ അറിയിച്ചിരുന്നു.
2008 സെപ്തംബര്‍ 29ന് വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ് എന്ന പട്ടണത്തിന് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്‌ഫോടന വസ്തു പൊട്ടിത്തെറിച്ച് ഏഴോളം പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് കേസ്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രഗ്യാ സിംഗ് ഠാക്കൂറിന്റേതാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായി കണക്കാക്കുന്നത് പ്രഗ്യ സിംഗ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരെയാണ്.
സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രണം പ്രഗ്യയാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എന്‍.ഐ.എ ഇവരുടെ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
യു.എ.പി.എ സെക്ഷന്‍ 16, 18 വകുപ്പുകള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന, (302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 324, 153 എ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക