ശിവമോഗ: തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍. ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പ്രഗ്യാ സിങ്ങിന്റെ പ്രതികരണം.
എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ബി.ജെ.പി എം.പി ആഹ്വാനം ചെയ്തു.
”നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.
സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്”.
ഞായറാഴ്ച ഹിന്ദു ജാഗരണ വേദികെയുടെ (Hindu Jagarana Vedike) ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രഗ്യാ സിങ്.
മുസ്‌ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങ് പറയുന്നു.
”ലവ് ജിഹാദ്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമാണുള്ളത്. ഒന്നുമില്ലെങ്കിലും അവര്‍ ലവ് ജിഹാദ് ചെയ്യുന്നു. ശരിക്കും പ്രണയിക്കുന്നുണ്ടെങ്കില്‍ പോലും അവരതില്‍ ജിഹാദ് ചെയ്യുന്നു.
ഞങ്ങള്‍ ഹിന്ദുക്കളും പ്രണയിക്കുന്നുണ്ട്, ദൈവത്തെ സ്‌നേഹിക്കുന്നു, ഒരു സന്യാസി തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു,” ബി.ജെ.പി നേതാവ് പറഞ്ഞു.
കുട്ടികളെ മിഷണറി സ്ഥാപനങ്ങളില്‍ വിട്ട് പഠിപ്പിക്കരുതെന്നും പകരം വീട്ടില്‍ പൂജകള്‍ നടത്തുകയും ധര്‍മത്തെ കുറിച്ച് വായിക്കുകയും അതുവഴി കുട്ടികള്‍ക്ക് സംസ്‌കാരത്തെയും മൂല്യങ്ങളെയും പരിചയപ്പെടുത്തുകയുമാണ് ചെയ്യേണ്ടതെന്നും പ്രഗ്യാ സിങ് മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍.
Content Highlight: BJP MP Pragya Singh Thakur called on Hindus to at least keep the knives in their homes sharp