'രാഹുല്‍ സ്ഥിരം കുറ്റവാളി'; പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി എം.പി
national news
'രാഹുല്‍ സ്ഥിരം കുറ്റവാളി'; പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 9:14 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്ത്. ഫെബ്രുവരി ആറിന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മനപൂര്‍വം അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് ബി.ജെ.പി എം.പി പാര്‍ലമെന്റ് അന്വേഷണ കമ്മറ്റി മുമ്പാകെ പരാതി നല്‍കിയത്.

സ്പീക്കറുടെ അനുമതിയില്ലാതെയാണ് രാഹുല്‍ പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ 18ഓളം പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയെന്നുമാണ് പരാതിയിലുള്ളത്. സഭയുടെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ദുബെയോടൊപ്പം കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷിയും പരാതിയുമായി പാര്‍ലമെന്റ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി ഏഴിലെ ബജറ്റ് സെഷനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്നതും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അണ്‍പാര്‍ലമെന്ററിയുമാണെന്നാണ് പരാതിയിലുള്ളത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശങ്ങള്‍ മാനിക്കാതെ രാഹുല്‍ പ്രസംഗം തുടര്‍ന്നെന്നും പാര്‍ലമെന്റ് റെക്കോഡില്‍ നിന്നും നീക്കം ചെയ്ത പ്രസംഗത്തിന്റെ ഭാഗങ്ങള്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് പരാതിയിലുള്ളത്.

മോദിയും അദാനിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുള്ളതായി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന തീര്‍ത്തും അസംബന്ധമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണത്. മോദി പാര്‍ലമെന്റ് മെമ്പറും ഭരണകക്ഷിയുടെ നേതാവുമായിരിക്കെ അദ്ദേഹത്തിനെതിരെ എന്ത് ആക്ഷേപം ഉയര്‍ത്തുമ്പോഴും മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ഈ നടപടി ക്രമം പാലിച്ചിട്ടില്ല.

ഇതാദ്യമായല്ല രാഹുല്‍ പാര്‍ലമെന്റ് നിയമങ്ങളെ തെറ്റിക്കുന്നത്, അദ്ദേഹമൊരു സ്ഥിരം കുറ്റവാളിയാണ്. അതിനാല്‍ അയാളുടെ പാര്‍ലമെന്റ് അംഗത്വം എടുത്ത് കളയണം,’ ദുബെ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

1976ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയത് പോലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദുബെ പാര്‍ലമെന്റ് അന്വേഷണ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: bjp mp Nishikanth dubey said to terminate Rahul gandhi in parliment