ബംഗളുരു: അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി നളിന്‍കുമാര്‍ കട്ടീല്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിലക്ക് ലംഘിച്ച് ബി.ജെ.പിയുടെ മാംഗലൂര്‍ ചലോ റാലി നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നത്.
മംഗലാപുരത്തെ കാദ്രി പൊലീസ് സ്റ്റേഷനിലെത്തി നളിന്‍കുമാര്‍ കട്ടീല്‍ പൊലീസുകാരോട് രോഷം കൊള്ളുന്നതാണ് വീഡിയോയിലുള്ളത്. വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം.
സ്‌റ്റേഷനിലെത്തിയ നളിന്‍കുമാര്‍ കട്ടീല്‍ സബ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റു ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദ് പ്രഖ്യാപിക്കുമെന്നായിരുന്നു എം.പിയുടെ ഭീഷണി. എം.പി എസ്.ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് കട്ടീലിനെതിരെ ഇതുവരെ നടപടിയൊന്നും എടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ നളിന്‍കുമാര്‍ കട്ടീല്‍ ജനപ്രതിനിധിയെന്ന നിലയില്‍ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
റാലി നടത്തിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരില്‍ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയടക്കമുള്ള ബി.ജെ.പി നേതാക്കളുണ്ടായിരുന്നു.
നേരത്തെയും ബി.ജെ.പി എം.പി നളിന്‍കുമാര്‍ കട്ടീല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ബി.ജെ.പി പ്രവര്‍ത്തകന്റെ മകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജില്ലയൊന്നടങ്കം തീയിടുമെന്നായിരുന്നു കട്ടീല്‍ അന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്.